അവസാന മണിക്കൂറില്‍ ട്രംപിന് പിന്തുണയുമായി പോള്‍ റയാന്‍.

09:40 am 8/11/2016

– പി. പി. െചറിയാന്‍
Newsimg1_39920437
വാഷിങ്ടന്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിന് അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വിരാമമിട്ട് യുഎസ് ഹൗസ് സ്പീക്കര്‍ പോള്‍ റയാന്‍ ഡോണാള്‍ഡ് ട്രംപിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ചു.

പോള്‍ റയാന്റെ അവസാന മണിക്കൂര്‍ പ്രഖ്യാപനം ട്രംപിന്റെ വിജയത്തിന് വളരെ അനിവാര്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്. ഇന്ന് അമേരിക്ക അഭിമുഖീകരിക്കുന്ന ഗുരുതരമായ വെല്ലുവിളികളെ അതിജീവിക്കുന്നതിന് യാതൊരു പുതിയ നിര്‍ദ്ദേശങ്ങളും ഹിലറി മുന്നോട്ടു വച്ചിട്ടില്ലെന്നും, എട്ട് വര്‍ഷം അധികാരത്തിലിരുന് ഒബാമയുടെ ഭരണ തുടര്‍ച്ച മാത്രമായിരിക്കും ഹിലറി പ്രസിഡന്റായാല്‍ സംഭവിക്കുന്നതെന്നും റയാന്‍ ചൂണ്ടിക്കാട്ടി. ഭരണ സംവിധാനം പൂര്‍ണ്ണമായും ഹിലറിക്കുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും റയാന്‍ ആരോപിച്ചു.

അധഃപതനത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ കൈപിടിച്ചു ഉയര്‍ത്തണമെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റണമെന്നും റയാന്‍ അഭിപ്രായപ്പെട്ടു. സ്വന്തം സംസ്ഥാനമായ വിസ് കോണ്‍സില്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു പ്രചരണം നടത്തിയ പോള്‍ റയാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുളള യുഎസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന മുദ്രവാക്യം പ്രസക്തമാണെന്നും ഇതിന്റെ പൂര്‍ത്തീകരണം ട്രംപിന്റെ വിജയത്തിലൂടെ യാഥാര്‍ത്ഥ്യമാകുമെന്നും റയാന്‍ പറഞ്ഞു.