നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കാമെന്ന് അമിക്കസ് ക്യുറി.

09:44 am 8/11/2016

Newsimg1_60483680

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കാവുന്നതാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനാണ് ഇതു സംബന്ധിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ട് അമിക്കസ് ക്യൂറികളെയാണ് സുപ്രീം കോടതി, വിധി പരിശോധിക്കുന്നതിനായി നിയോഗിച്ചിരുന്നത്.

വിചാരണ കോടതി വിധിയില്‍ പോരായ്മകളുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍, വധശിക്ഷ വിധിക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും പ്രതികളുടെ ഭാഗം വിവരിക്കാന്‍ അവസരം നല്‍കിയില്ലെന്നും പരാമര്‍ശമുണ്ട്. കേസില്‍ നാലു പ്രതികള്‍ക്കു വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.

2012 ഡിസംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ദക്ഷിണ ഡല്‍ഹിയിലെ ഒരു മാളില്‍ നിന്ന് സിനിമകഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ ആറ് പേര്‍ ചേര്‍ന്ന് അതിക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ക്രൂരമായി മര്‍ദിച്ച ശേഷമായിരുന്നു പെണ്‍കുട്ടിയെ സംഘം ആക്രമിച്ചത്. 13 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം പെണ്‍കുട്ടി മരണത്തിനു കീഴടങ്ങുകയും ചെയ്തു.