11:15 am 24/11/2016
പി. പി. ചെറിയാന്‍
ചാറ്റനോഗ(ടെന്നിസ്സി): ടെന്നിസ്സിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് 6 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും, 24 പേര്‍ക്ക് പരിക്കേല്‍കയും ചെയ്തു. നവംബര്‍ 21 തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് 35 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സ് അപകടത്തില്‍പ്പെട്ടത്.
അമിത വേഗമായിരുന്നു അപകടത്തിനു കാരണമെന്ന് ചാറ്റിനോഗ പൊലീസ് ചീഫ് ഫ്രഡ് ഫ്‌ലച്ചര്‍ പറഞ്ഞു. 25 വയസ്സുളള െ്രെഡവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ടായി പിളര്‍ന്ന ബസ്സില്‍നിന്നും മരിച്ചവരേയും പരിക്കേറ്റവരേയും ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ചാറ്റിനോഗയിലെ എര്‍ലംഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബസ്സപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഹാമില്‍റ്റണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി നീല്‍ പിങ്ക്സ്റ്റണ്‍ മാധ്യമങ്ങളെ അറിയിച്ചു. മരിച്ചവരുടെ എണ്ണത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളോ പൊലീസ് പുറത്തു വിട്ടിട്ടില്ല.