റിക്കി ഗ്രെയുടെ വധശിക്ഷ വിര്‍ജിനിയയില്‍ നടപ്പാക്കി

8:25 am 21/1/2017

– പി.പി. ചെറിയാന്‍
Newsimg1_94766205
റിച്ച് മോണ്ട്(വിര്‍ജിനിയ) : ഒരു കുടുംബത്തിലെ പിതാവിനേയും മാതാവിനേയും രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ജനുവരി 18 ബുധനാഴ്ച രാത്രി 10 മണിക്ക് ജറാട്ട് ഗ്രീന്‍സ് വില്ലി കറക്ഷണല്‍ സെന്ററില്‍ നടപ്പാക്കി.2006 പുതുവര്‍ഷ പുലരിയില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നതോടെയാണ് ഭവന ഭേദനത്തിനായി റിക്കി വീട്ടിനകത്തേക്ക് അപ്രതീക്ഷിതമായി പ്രവേശിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ വീട്ടിലുണ്ടായിരുന്ന ഭാര്യയേയും ഭര്‍ത്താവിനേയും ഒന്‍പതും നാലും വയസ്സുള്ള രണ്ടു കുട്ടികളേയും ക്രൂരമായി മര്‍ദ്ദിക്കുകയും കയറു കൊണ്ട് ബന്ധിച്ചു ഗളഛേദം നടത്തുകയുമായിരുന്നു. വീടിന്റെ ബെയ്‌സ്‌മെന്റില്‍ എല്ലാവരേയും കെട്ടിയിട്ടു വീടിനു തീ കൊളുത്തുകയും ചെയ്താണ് പ്രതി സ്ഥലം വിട്ടത്.

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് പ്രതിയുടെ അപ്പീല്‍ യുഎസ് സുപ്രീം കോടതി വൈകിട്ടു 6 മണിയോടെ തള്ളി തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുകയായിരുന്നു.39 വയസ്സുള്ള റിക്കിയുടെ സിരകളിലേക്ക് വിഷമിശ്രിതം കടത്തിവിട്ട് നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു.

2017 ല്‍ അമേരിക്കയില്‍ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. ആദ്യത്തേതു ടെക്‌സാസിലായിരുന്നു. 1976 ല്‍ വധ ശിക്ഷ പുനസ്ഥാപിച്ചതു മുതല്‍ ഇതുവരെ 1450 പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.വിഷമിശ്രിതം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുന്നതു ക്രൂരമാണെന്നു ആരോപിച്ചു ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും വധശിക്ഷ നിര്‍ത്തലാക്കുന്നതിനെക്കുറിച്ചു വ്യക്തമായ തീരുമാനങ്ങള്‍ ഒന്നും തന്നെ ഇതുവരെ സ്വീകരിച്ചിട്ടില്ല.