O6:07 pm 9/2/2017

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ഓപ്പണർ മുരളി വിജയ്യുടെ സെഞ്ചുറിയുടെയും ചേതേശ്വർ പുജാരയുടെ അർധസെഞ്ചുറിയുടെയും മികവിൽ ബാറ്റുവീശിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുന്പോൾ 234/3 എന്ന നിലയിലാണ്. 108 റണ്‍സ് നേടി വിജയ്യും 83 റണ്‍സ് നേടിയ പുജാരയും പുറത്തായി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ ഓവറിൽതന്നെ ഓപ്പണർ കെ.എൽ.രാഹുലിനെ നഷ്ടമായി. ടസ്കിൻ അഹമ്മദ് എറിഞ്ഞ ഓവറിലെ നാലാം പന്തിൽ രാഹുൽ ബൗൾഡാകുകയായിരുന്നു. രണ്ടു റണ്‍സായിരുന്നു രാഹുലിന്റെ സന്പാദ്യം. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മുരളി വിജയ്യും പുജാരയും ചേർന്ന് ഇന്ത്യയെ മികച്ചനിലയിൽ എത്തിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 178 റണ്‍സ് കൂട്ടിച്ചേർത്തു. വിജയ്യുടെ ഒന്‍പതാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. ഒടുവിൽ വിവരം ലഭിക്കുന്പോൾ 35 റണ്‍സുമായി നായകൻ വിരാട് കോഹ്ലിയും റണ്ണൊന്നുമെടുക്കാതെ അജിൻക്യ രഹാനെയുമാണ് ക്രീസിൽ.
അഞ്ചു ബൗളർമാരും ആറു ബാറ്റ്സ്മാൻമാരുമായാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ കരുണ്‍ നായരെ ഒഴിവാക്കി അജിൻക്യ രഹാനെയെ ടീമിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.
ബംഗ്ലാദേശ് ആദ്യമായാണ് ഇന്ത്യയിൽ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. പതിനേഴു വർഷം മുന്‍പ് ധാക്കയിലാണ് ബംഗ്ലാദേശ് ആദ്യമായി ഇന്ത്യയെ ടെസ്റ്റിൽ നേരിടുന്നത്. അന്നു മുതൽ ഇന്നുവരെ ഇന്ത്യയെ തോൽപ്പിക്കാൻ ബംഗ്ലാ കടുവകൾക്കായിട്ടില്ല. ഇത് ഒന്‍പതാം തവണയാണ് ഇന്ത്യയും ബംഗ്ലാദേശും ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ എട്ടു മത്സരങ്ങളിൽ ആറെണ്ണത്തിലും വിജയം നീലപ്പടയ്ക്കൊപ്പം നിന്നപ്പോൾ രണ്ടെണ്ണം സമനിലയിൽ അവസാനിച്ചു.
