വാണാക്യൂ സെന്റ് ജയിംസ് പള്ളിയില്‍ വാദെ ദല്‍മീനോ ശുശ്രൂഷ

08:25am 19/3/2016

ജോയിച്ചന്‍ പുതുക്കുളം
vadedalmeeno_pic2
ന്യൂജേഴ്‌സി: വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാശാ ആഴ്ചയിലെ വിശുദ്ധ ശുശ്രൂഷകള്‍ ഭക്ത്യാദരപൂര്‍വം ആചരിക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹാശാ ആഴ്ചയുടെ തുടക്കംകുറിച്ചുകൊണ്ട് ‘വാദെ ദല്‍മീനോ’ ശുശ്രൂഷയും ഇത്തവണ നടത്തുന്നതായിരിക്കും. ഹാശാ ആഴ്ച വിശുദ്ധ ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ബഹു. ആകാശ് പോള്‍ അച്ചന്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ഓശാന ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്‌കാരാനന്തരം 9 മണിക്ക് ഓശാനയുടെ കുരുത്തോല വാഴ്‌വിന്റെ ക്രമവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. ഓശാന ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും വാദെ ദല്‍മീനോ ശുശ്രൂഷയും നടത്ത്പപെടുന്നതാണ്.

മാര്‍ച്ച് 23-നു ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ വി. കുമ്പസാരവും, തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും, പെസഹാ കുര്‍ബാനയും ഉണ്ടായിരിക്കും. ദുഖവെള്ളിയാഴ്ച രാവിലെ 8.30-നു വചനിപ്പ് പെരുന്നാളിന്റെ വിശുദ്ധ കുര്‍ബാനയും, അതിനുശേഷം ദുഖവെള്ളിയാഴ്ച നമസ്‌കാരവും നടത്തപ്പെടും. മാര്‍ച്ച് 26-നു ശനിയാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ കുര്‍ബാന നടക്കും, മാര്‍ച്ച് 27-നു ഞായറാഴ്ച രാവിലെ 6 മണിക്ക് ഈസ്റ്റര്‍ ശുശ്രൂഷകള്‍ ആരംഭിച്ച്, വിശുദ്ധ കുര്‍ബാനയോടെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുന്നതുമാണ്.

‘വാദെ ദല്‍മീനോ’ എന്ന സുറിയാനി പദത്തിന് തുറമുഖത്തേക്കുള്ള പ്രവേശനസ്ഥലം എന്നാണ് അര്‍ത്ഥം. സുറിയാനി സഭയില്‍ എല്ലാവര്‍ഷവും ഹാശാ ശുശ്രൂഷയോടനുബന്ധിച്ച് നടത്തിവരുന്ന ഈ ശുശ്രൂഷ മലങ്കരയില്‍ പഴയകാലത്ത് ആചരിച്ചുവന്നിരുന്നുവെങ്കിലും, പില്‍ക്കാലത്ത് നിന്നുപോയി. സുറിയാനി ഭാഷയില്‍ നിന്ന് ഈ ശുശ്രൂഷാക്രമം മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യപ്പെട്ടത് സമീപകാലത്താണ്. യാത്തോബായ സുറിയാനി സഭയുടെ പ്രസിദ്ധീകരണമായി പബ്ലീഷ് ചെയ്യപ്പെട്ട ‘വാദെ ദല്‍മീനോ’ ശുശ്രൂഷാക്രമം സുറിയാനിയില്‍ നിന്നു വിവര്‍ത്തനം നടത്തിയിരിക്കുന്നത് പനയ്ക്കല്‍ ശ്ശീബാ അച്ചനാണ്. സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിലെ ഒരു ഇടവകയില്‍ ഈ ശുശ്രൂഷ നടത്തപ്പെടുന്നത് ഇദംപ്രഥമമാണ്.

വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിനാണ് ഈ അസുലഭ ഭാഗ്യം കൈവന്നിരിക്കുന്നത്. മാര്‍ച്ച് 20-നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം വാദെ ദല്‍മീനോയുടെ ശുശ്രൂഷ നടക്കും. ശുശ്രൂഷാ മധ്യേ പള്ളിക്കുചുറ്റും പ്രദക്ഷിണവും, ദേവാലയത്തിനു പുറത്തുവെച്ചുള്ള വി. സുവിശേഷവായനയും നടക്കുന്നതാണ്. അതിനുശേഷം ദേവാലയത്തിന്റെ പ്രധാന വാതില്‍ മുട്ടിതുറന്ന് പള്ളിക്കകത്ത് പ്രവേശിച്ച് ശുശ്രൂഷ പൂര്‍ത്തീകരിക്കപ്പെടും.

വാദെ ദല്‍മീനോയുടെ ശുശ്രൂഷയിലും ഹാശാ ആഴ്ചയുടെ പ്രത്യേക ശുശ്രൂഷകളിലും പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സാദരം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ആകാശ് പോള്‍ (770 855 1992), പൗലോസ് കെ. പൈലി (വൈസ് പ്രസിഡന്റ്) 201 218 7573, രഞ്ചു സ്‌കറിയ (സെക്രട്ടറി) 973 906 5515, എല്‍ദോ വര്‍ഗീസ് (ട്രസ്റ്റി) 862 222 0252. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.