08:25am 4/5/2017
മുംബൈ: വിവാദങ്ങൾക്കൊടുവിൽ ലോകത്തിലെ ഭാരമേറിയ വനിതയായി കരുതപ്പെടുന്ന ഇൗജിപ്തുകാരി ഇമാൻ അഹമദ് അബ്ദുലാതി വിദഗ്ധ ചികിത്സക്കായി അബൂദബിയിലേക്ക് പറക്കുന്നു. ആരോഗ്യാവസ്ഥ യാത്രക്ക് പ്രതികൂലമല്ലെന്ന് ഡോക്ടർമാർ വിലയിരുത്തിയതോടെ വ്യാഴാഴ്ച രാത്രി മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പ്രത്യേകം സജ്ജമാക്കിയ വിമാനത്തിൽ ഇമാൻ യാത്രയാകുമെന്ന് പ്രശസ്ത ബാരിയാട്രിക് സർജൻ ഡോ. മുഫസ്സൽ ലക്ഡാവാല അറിയിച്ചു.
അബൂദബിയിലെ വി.പി.എസ് ബുർജീൽ ഹോസ്പിറ്റലിലാണ് ഇമാനുള്ള തുടർചികിത്സ.
അബൂദബിയിൽനിന്നെത്തിയ ഡോക്ടർമാരുടെ സംഘത്തിന് ഇമാെൻറ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും റിപ്പോർട്ടുകളും സെയ്ഫി ഹോസ്പിറ്റൽ അധികൃതർ കൈമാറി. വ്യാഴാഴ്ച രാവിലെ 10.30ഒാടെ ഇമാനെ സെയ്ഫി ഹോസ്പിറ്റലിൽനിന്ന് ഡിസ്ചാർജ് ചെയ്യും. അബൂദബിയിലെ ഹോസ്പിറ്റലും ഇമാെൻറ ബന്ധുക്കളും ആവശ്യപ്പെട്ടതിനെ തുടർന്ന് 48 മണിക്കൂർ നിരീക്ഷണശേഷമാണ് തീരുമാനം.
ഫെബ്രുവരി 11നാണ് 500 കിലോയുള്ള ഇമാനെ മുംബൈയിലെ സെയ്ഫി ഹോസ്പിറ്റലിൽ എത്തിച്ചത്. ഭക്ഷണ ക്രമീകരണം, ശസ്ത്രക്രിയ എന്നിവയിലൂടെ രണ്ട് ഘട്ടങ്ങളിലായി 240 കിലോ ഭാരം കുറഞ്ഞതായി സെയ്ഫി ഹോസ്പിറ്റൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഡോക്ടർമാർ അവകാശപ്പെട്ടതുപോലെ ഇമാെൻറ ഭാരം കുറഞ്ഞിട്ടില്ലെന്നും പ്രശസ്തിയും അംഗീകാരവും നേടിയതോടെ ഡോ. മുഫസ്സൽ ലക്ഡാവാല കൈയൊഴിയുകയാണെന്നും ഇമാെൻറ മാതാവും സഹോദരിയും ആരോപിച്ചതോടെ ചികിത്സ വിവാദത്തിലാവുകയായിരുന്നു. ആശുപത്രിക്ക് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ഇമാെൻറ ബന്ധുക്കൾ മാപ്പുപറയണമെന്ന് മുംബൈയിലെ ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുമുണ്ട്.