06:28 pm 12/5/2017
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സെനറ്റ് ഡപ്യൂട്ടി ചെയർമാൻ ബോംബ് ആക്രമണത്തിൽനിന്നും പരിക്കുകളോടെ രക്ഷപെട്ടു. സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ദക്ഷിണ പശ്ചിമ ബലൂജിസ്ഥാൻ പ്രവിശ്യയിലായിരുന്നു ആക്രമണം. മൗലാന അബ്ദുൾ ഗഫൂർ ഹൈദരിക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
ബലൂജിസ്ഥാനിലെ മാസ്തംഗ് ജില്ലയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കായി എത്തിയ അബ്ദുൾ ഗഫൂർ ഹൈദരി പള്ളിയിൽനിന്നും പുറത്തിറങ്ങുമ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ 15 പേരുടെ നില അതീവ ഗുരുതരമാണ്. സ്ഫോടനത്തിൽ ഹൈദരിയുടെ കാർ പൂർണമായും തകർന്നു. അദ്ദേഹത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ചാവേർ ആക്രമണമാണ് നടന്നത്. സ്ഫോടനം നടക്കുമ്പോൾ ഹൈദരി കാറിലുണ്ടായിരുന്നില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.