ഉത്തരാഖണ്ഡില്‍ കേന്ദ്രത്തിന് വിമര്‍ശനം; രാഷ്ട്രപതിക്കും തെറ്റുപറ്റാമെന്ന് കോടതി

02:16pm 20/4/2016
download (1)

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും കോടതിയുടെ വിമര്‍ശനം. രാഷ്ട്രപതി ഭരണം കോടതിയുടെ പുനഃപരിശോധയ്ക്ക് ഉപരിയല്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ അംഗീകാരം ചോദ്യം ചെയ്യാന്‍ കോടതിക്ക് അധികാരമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദമാണ് രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയത്.
രാജാവിനെപോലെ തീരുമാനം പുനഃപരിശോധിക്കാന്‍ പാടില്ലെന്ന നിലപാട് ശരിയല്ല. അതാണ് ഭരണഘടനയുടെ അന്തസത്ത്. പ്രസിഡന്റിനു പോലും തെറ്റു സംഭവിച്ചേക്കാം. എല്ലാം കോടതിയുടെ പുനഃപരിശോധയ്ക്ക് വിധേയമാണ്. രാഷ്ട്രപതിയുടെ വിവേകത്തില്‍ കോടതിക്കു സംശയമില്ല. അദ്ദേഹം എത്ര ഉന്നതനായാലും നിയമം അദ്ദേഹത്തിനും മുകളിലാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഉത്തരാഖണ്ഡ് നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ടിനെ അനുകൂലിച്ച കോടതി, ഡല്‍ഹിയിലിരിക്കുന്ന കേന്ദ്രത്തിന് സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് ബോധ്യമുണ്ടായിരിക്കില്ലെന്നും പരാമര്‍ശിച്ചു. ബജറ്റിലെ വോട്ടെടുപ്പ് സമയത്ത് സര്‍ക്കാരിനെ 35 എം.എല്‍.എമാര്‍ എതിര്‍ത്തിരുന്നതായി സൂചനയില്ല. പ്രതിപക്ഷ നേതാവ് അജയ് ഭട്ട് മാത്രമാണ് ഭിന്നത പ്രകടിപ്പിച്ചിരുന്നു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.