രക്തമാറ്റത്തിലൂടെ എയ്ഡ്സ് ബാധിച്ചത് 2234 പേർക്ക്

07:00 PM 31/05/2016
download (7)
ന്യൂഡൽഹി: 2014 ഒക്ടോബർ മുതൽ 2016 മാർച്ച് വരെയുള്ള കാലയളവിൽ രക്തം മാറ്റത്തിലൂടെ ഇന്ത്യയിൽ എയ്ഡ്സ് ബാധിച്ചത് 2234 പേർക്ക്. മനുഷ്യാവകാശ പ്രവർത്തകനായ രേതൻ കോത്താരിക്ക് വിവരാകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വന്നത്. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (നാകോ) നൽകിയ മറുപടിയിലാണ് വിവരങ്ങളുള്ളത്.

പല ബ്ളഡ് ബാങ്കുകളും രക്തപരിശോധനയിൽ മാനദണ്ഡങ്ങളിൽ കടുത്ത അനാസ്ഥ പുലർത്തുന്നുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

വാർഷിക റിപ്പോർട്ട് പ്രകാരം 2014 വരെ ഏകദേശം 30 ലക്ഷം യൂണിറ്റ് രക്തമാണ് നാകോ ശേഖരിച്ചത്. ഇതിലെ 84 ശതമാനം രക്തവും വ്യക്തികൾ സ്വമേധയാ നൽകിയതായിരുന്നു. ഇതിൽ നിന്നുമായിരിക്കാം രോഗാണുക്കളുള്ള രക്തം ലഭിച്ചിട്ടുണ്ടാകുകയെന്ന് നാകോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നരേഷ് ഗോയൽ അറിയിച്ചു.

രക്തമാറ്റത്തിലൂടെ എച്ച്.ഐ.വി ബാധിച്ചവരുടെ എണ്ണം കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണ്. 361 കേസുകൾ. ഇതിന് തൊട്ടു പിന്നിൽ നിൽക്കുന്ന സംസ്ഥാനം 292 കേസുകളോടെ ഗുജറാത്താണ്. 2011ൽ തയാറാക്കിയ കണക്കനുസരിച്ച് ഇന്ത്യയിൽ 20.9 ലക്ഷത്തോളം പേർ എയ്ഡ്സ് ബാധിതരാണ്.