നരേന്ദ്ര മോഡി ബിരുദാനന്തര ബിരുദധാരി: ഗുജറാത്ത്‌ സര്‍വ്വകലാശാല

05:00pm 01/5/2016
images (4)

അഹമ്മദാബാദ്‌: പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിരുദാനന്തര ബിരുദധാരിയെന്ന്‌ റിപ്പോര്‍ട്ടുകള്‍. 1983 ല്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ മോഡി ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന്‌ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തു. ഗുജറാത്ത്‌ സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍ എം.എന്‍ പട്ടേല്‍ ഇക്കാര്യം വെളിപ്പെടുത്തിയതായാണ്‌ വിവരങ്ങള്‍.
പൊളിറ്റിക്കല്‍ സയന്‍സില്‍ 62.3 ശതമാനം മാര്‍ക്കോടെ മോഡി വിജയിച്ചതായാണ്‌ വിവരങ്ങള്‍. ആദ്യ വര്‍ഷം നാനൂറില്‍ 237 മാര്‍ക്കും രണ്ടാം വര്‍ഷം 262 മാര്‍ക്കുമാണ്‌ മോഡി നേടിയിട്ടുള്ളത്‌. രണ്ടാം വര്‍ഷം പൊളിറ്റിക്കല്‍ സയന്‍സില്‍ 64, യൂറോപ്യന്‍ ആന്റ്‌ സോഷ്യല്‍ പൊളിറ്റിക്കല്‍ തോട്‌സ് 62, ആധുനിക ഇന്ത്യ 69, പൊളിറ്റിക്കല്‍ സൈക്കോളജി 67 എന്നിങ്ങനെയാണ്‌ മാര്‍ക്കുകള്‍.
നരേന്ദ്ര മോഡിയുടെ റോള്‍ നമ്പരും പുറത്തുവന്നിട്ടുണ്ട്‌. 71 ആയിരുന്നു മോഡിയുടെ റോള്‍ നമ്പര്‍. എന്നാല്‍ ഡിഗ്രി പഠനം എവിടെനിന്നാണ്‌ പൂര്‍ത്തിയാക്കിയത്‌ എന്നത്‌ വ്യക്‌തമല്ല. വിസ്‌നഗറിലെ എം.എന്‍ സയന്‍സ്‌ കോളേജില്‍ നിന്നുമാണ്‌ മോഡി ബിരുദാന്തര ബിരുദം നേടിയിരിക്കുന്നത്‌.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന്‌ ബി.എയും ഗുജറാത്ത്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ ബിരുദാന്തര ബിരുദവും നേടിയതായി മേഡി സത്യവാങ്‌മൂലം നല്‍കിയിരുന്നു. എന്നാല്‍ വിവരാവകാശ പ്രകാരമുള്ള അപേക്ഷയ്‌ക്ക് മറുപടിയായി തങ്ങളുടെ പക്കല്‍ വിവരങ്ങളൊന്നുമില്ലെന്ന്‌ ഡല്‍ഹി സര്‍വ്വകലാശാല പറഞ്ഞിരുന്നു.ഗുജറാത്ത്‌ സര്‍വ്വകലാശാലയിലും പ്രധാനമന്ത്രിയുടെ ഓഫീസിലും അപേക്ഷകള്‍ നല്‍കിയെങ്കിലും ഇക്കാര്യം പുറത്തുവന്നിരുന്നില്ല.
ഇതിനിടെ നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ വിവരാവകാശ കമ്മീഷണ്‌ കത്തെഴുതിയിരുന്നു. ഇതോടെ മോഡിയുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താന്‍ വിവരാവകാശ കമ്മീഷന്‍ ഗുജറാത്ത്‌, ഡല്‍ഹി സര്‍വ്വകലാശാലകളോട്‌ നിര്‍ദേശിച്ചിരുന്നു. ഇതിനിടെ്‌യാണ്‌ മോഡിയുടെ ബിരുദാന്തര ബിരുദത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.