കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഒന്നിലെ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ശ്രീലങ്കക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാനിസ്താന് പടുത്തുയര്‍ത്തിയ 153 എന്ന ഭേദപ്പെട്ട സ്കോര്‍ ആറ് പന്ത് ബാക്കിയിരിക്കെ ലങ്ക മറികടന്നു. ലങ്കക്കുവേണ്ടി ഓപണര്‍ തിലകരത്നെ ദില്ഷന് 56 പന്തില്‍ 83 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. സ്കോര്‍: അഫ്ഗാനിസ്താന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 153 റണ്‍സ്. ശ്രീലങ്ക 18.5 ഓവറില്‍ നാല് വിക്കറ്റിന് 155.
154 എന്ന സ്കോര്‍ പിന്തുടര്‍ന്ന ലങ്ക ശ്രദ്ധാപൂര്‍വമാണ് ബാറ്റിങ് ആരംഭിച്ചത്. ടീം ടോട്ടല്‍ 41ല്‍ എത്തി നില്‍ക്കുമ്പോഴാണ് ലങ്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 18 റണ്‍സെടുത്ത ദിനേശ് ചാണ്ഡിമാലാണ് പുറത്തായത്. തിരിമാനെ ആറും തിസാര പെരേര 12ഉം കപുഗേദര 10ഉം റണ്‍സെടുത്ത് പുറത്തായി. പിന്നീട് ക്രീസിലെത്തിയ എയ്ഞ്ചലോ മാത്യൂസുമൊത്ത് ദില്ഷന് ലങ്കയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 56 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതാണ് ദില്‍ഷന്റെ ഇന്നിങ്സ്. അഫ്ഗാന് വേണ്ടി മുഹമ്മദ് നബി, റാഷിദ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 153 റണ്‍സ് സ്കോര്‍ ചെയ്തത്. അസ്ഗര്‍ സ്റ്റാന്സികായ് (47 പന്തില്‍ 62) ആണ് അഫ്ഗാന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. സമീഉല്ല സാന്‍വാരി (14 പന്തില്‍ 31) നൂര്‍ അലി സദ്റാന് (20), എന്നിവരും അഫ്ഗാന് വേണ്ടി തിളങ്ങി. തിസാര പെരേര 33 റണ്‍സ് വിട്ട് കൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. രംഗനെ ഹെറാത്ത് രണ്ടും എയ്ഞ്ചലോ മാത്യൂസ്, നുവാന്‍ കുലശേഖര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.