ദിക്വ: നൈജീരിയയിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണം 70 കടന്നു . ദിക്വയിലെ അഭയാര്‍ഥി ക്യാമ്പിലാണ് രണ്ട് ചാവേര്‍ സ്‌ഫോടനങ്ങള്‍ നടന്നത്. വനിതാ ചാവേറാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. 78 പേര്‍ക്ക് പരിക്കേറ്റു. ബോകോഹറാമിന്റെ
അമ്പതിനായിരത്തോളം പേരാണ് ദിക്വയിലെ ക്യാമ്പില്‍ അഭയാര്‍ഥികളായി കഴിയുന്നത്. ബോകോഹറാമിന്റെ ആക്രമണം ഭയന്ന് പലായനം ചെയ്തവരാണ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. ബോകോഹറാമിന്റെ തടവില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ സ്ത്രീകളെയും കുട്ടികളെയും ഇവിടെയാണ് പാര്‍പ്പിച്ചിരുന്നത്.
രാജ്യത്ത് ഈ വര്‍ഷം നടന്ന അഞ്ചാമത്തെ ചാവേര്‍ ആക്രമണമാണിത്. ആറു വര്‍ഷമായി നൈജീരിയയില്‍ തുടരുന്ന ബോകോഹറാം ആക്രമണങ്ങളില്‍ 20,000ലധികം പേര്‍ കൊല്ലപ്പെടുകയും 26 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്‌തെന്നാണ് യു.എന്‍ കണക്ക്.