പാമോലിൻ കേസ്​ :വിചാരണ തുടരാൻ സുപ്രീംകോടതി ഉത്തരവ്​.

06:30PM 11/05/2016
download (2)
ന്യൂഡൽഹി: പാമോലിൻ കേസിൽ വിചാരണ തുടരാൻ സുപ്രീംകോടതി ഉത്തരവ്​. കേസിൽ നിന്ന്​ ഇപ്പോൾ ആരെയും കുറ്റമുക്​തരാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. പാമോലിൻ കേസിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട് മുൻഭക്ഷ്യ മന്ത്രി ടി.എച്ച്​ മുസ്​തഫ, പി.ജെ തോമസ്​, ജിജി തോംസൺ എന്നിവര്‍ നൽകിയ ഹരജികൾ തള്ളിക്കൊണ്ടാണ്​ കോടതിയുടെ ഉത്തരവ്​.

ഇന്ന് ഹരജി പരിഗണിച്ചപ്പോള്‍ ഈ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി പ്രതികളെ രക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.എസ് അച്യുതാനന്ദ​െൻറ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് ഈ കേസി​െൻറ നിലവി​െല സ്ഥിതി എന്താണെന്ന് സംസ്ഥാന സര്‍ക്കാറി​െൻറ അഭിഭാഷകനോട് ചോദിച്ചു. സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണെന്ന്​ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ചശേഷം അങ്ങനെയൊരു പെറ്റീഷന്‍ ഹൈകോടതിയുടെ പരിഗണനയി​ലില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണോ എന്ന് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ചോദിച്ചു. ഇതിനുശേഷമായിരുന്നു ഈ ഘട്ടത്തില്‍ കേസില്‍ നിന്ന് ആരെയും കുറ്റമുക്തരാക്കാന്‍ കഴിയില്ലെന്നും വിചാരണ തുടരണമെന്നും നിർദേശിച്ച്​ സുപ്രീംകോടതി ഉത്തരവിട്ടത്.