അനധികൃതമായി കൈവശംവെച്ച ആറു ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്‍െറ പുതിയ കറന്‍സികളുമായി അഞ്ചുപേരെ പൊലീസ് പിടികൂടി.

08:44 am 19/11/2016

download (1)

കാസര്‍കോട്: അനധികൃതമായി കൈവശംവെച്ച ആറു ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്‍െറ പുതിയ കറന്‍സികളുമായി അഞ്ചുപേരെ പൊലീസ് പിടികൂടി. ബാങ്കില്‍നിന്ന് ഒരാഴ്ച പരമാവധി പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 ആയും എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 2500 ആയും നിജപ്പെടുത്തിയിരിക്കെയാണ് സംഭവം.

നീലേശ്വരം സ്വദേശികളായ നെടുങ്കണ്ടം റംല മന്‍സിലില്‍ പി. ഹാരിസ് (39), തെരു സീനത്ത് മന്‍സിലില്‍ പി. നിസാര്‍ (42), ഇയാളുടെ സഹോദരന്‍ നൗഷാദ് (39), ചിറമ്മലിലെ സി.എച്ച്. സിദ്ദീഖ് (39), വാഹനദല്ലാള്‍ വടകര അങ്കക്കളരിയിലെ വടക ഷഫീഖ് (30) എന്നിവരെയാണ് ടൗണ്‍ സി.ഐ സി.എ. അബ്ദുറഹീമിന്‍െറ നേതൃത്വത്തിലുള്ള സംഘവും ജില്ല പൊലീസ് മേധാവിയുടെ ഷാഡോ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ ഉപയോഗിച്ച മാരുതി എര്‍ടിഗ കാറും കസ്റ്റഡിയിലെടുത്തു.

എട്ടു സി.ആര്‍-56, അഞ്ച് ഡി.എം-25, ഒമ്പത് ബി ഇ-28 തുടങ്ങിയ 26 സീരീസുകളിലെ പുതിയ കറന്‍സികളാണ് പിടികൂടിയത്. അസാധുവാക്കിയ 10 ലക്ഷം രൂപയുടെ കറന്‍സികള്‍ക്ക് ഏഴുലക്ഷം രൂപയുടെ 2000 നോട്ടിന്‍െറ പുതിയ കറന്‍സികള്‍ സംഘം വിതരണം ചെയ്തുവന്നതായി പൊലീസ് പറഞ്ഞു. ഈ തുക എവിടെനിന്ന് സംഘടിപ്പിക്കുന്നുവെന്ന് അന്വേഷിച്ചുവരുകയാണ്. നോട്ട് അസാധുവാക്കിയശേഷം ഇത്രയും പുതിയ കറന്‍സികള്‍ നാലുപേര്‍ക്കായാലും നിയമപരമായി ലഭിക്കാന്‍ സമയമായിട്ടില്ളെന്ന് സി.ഐ സി.എ. അബ്ദുറഹീം പറഞ്ഞു. തുക ലഭിച്ച സ്രോതസ്സുകള്‍ അന്വേഷിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കേസെടുത്തശേഷം ആദായനികുതി വകുപ്പിന് കൈമാറും. എ.എസ്.ഐ മോഹനന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സി.കെ. ബാലകൃഷ്ണന്‍, എം.വി. തോമസ്, ഓസ്റ്റിന്‍ തമ്പി, ധനേഷ്, പി. രജീഷ്, ഗോകുല്‍, രാജേഷ് എന്നിവരും കറന്‍സി പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.