അന്ത്യോഖ്യന്‍ പാത്രിയാക്കീസിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തെ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് ബാവ അപലപിച്ചു

11:34am 23/6/2016

– രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ
Newsimg1_21186233
ഫിലാഡല്‍ഫിയ: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം കരീം ദ്വീതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് നേരെ ജന്മ നാട്ടില്‍ നടന്ന ചാവേറാക്രമണത്തെ, ഭാരത കാത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സി.ബി.സി.ഐ) പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവ ശക്തമായി അപലപിച്ചു.

രാജ്യത്തെ ക്രൈസ്തവരുടെയും, മറ്റ് ന്യൂനപക്ഷങ്ങളുടയും മതപരമായ അവകാശങ്ങള്‍ നടപ്പിലാക്കുവാന്‍ അധികാരികള്‍ ക്രമസമാധാനപാലന ചുമതലയുള്ളവര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നും, ഭീകരതയ്‌ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയും, ലോകരാജ്യങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത്തരം ചാവേറുകളെ, മാനസാന്തരത്തില്‍ കൂടി മാത്രമേ ക്രൂരമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്തിരിപ്പിക്കാന്‍ സാധ്യമാവുകയുള്ളുവെന്നും , അതിനായി സഭാ വ്യത്യാസമില്ലാതെ നമ്മളോരോരുത്തരും പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വച്ചു നടന്ന ഡെലവെയര്‍വാലി റീജിയണിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ ഫിലാഡല്‍ഫിയാ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ വൈദീക സംഘത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

വിവിധ സഭകളില്‍പെട്ട ഈ വൈദീകരുടെ സഹൃദ കൂട്ടായ്മ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും, അക്രമങ്ങളും മത വിദ്വേഷങ്ങളും നടമാടുന്ന ഈ ആധുനിക യുഗത്തില്‍, സമൂഹ മദ്ധ്യത്തില്‍ ക്രൈസ്തവ സാക്ഷ്യം ഉയര്‍ത്തിപ്പിടിക്കുവാന്‍ ഈ എക്യൂമെനിക്കല്‍ പ്രസ്ഥാനം കെട്ടിപ്പടുത്ത ഈ സഹൃദ കൂട്ടായ്മ അങ്ങേയറ്റംപ്രശംസാപരമാണെന്നും പരിശുദ്ധ ബാവ കൂട്ടിച്ചേര്‍ത്തു. ഒപ്പം, തിരുമേനി അമേരിക്കയില്‍ ഉണ്ടായിരുന്ന സമയത്ത്, തനിക്കു ലഭിച്ച എക്യൂമെനിക്കല്‍ അനുഭവങ്ങള്‍ അദ്ദേഹം പങ്കു വച്ചു. ആ അനുഭവങ്ങള്‍ തന്റെ ഈ പദവിയില്‍ വളരെയധികം ഊര്‍ജ്ജം പകര്‍ന്നു നല്‍കുവാന്‍ സാധ്യമായെന്നും അദ്ദേഹം അനുസ്മരിച്ചു. എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ഭാവി പ്രോജക്റ്റായ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.

കര്‍ദ്ദിനാള്‍ പദവി ലഭ്യമായതിനു ശേഷം ആദ്യമായി ഫിലാഡല്‍ഫിയായില്‍ ഹൃസ്വ സന്ദര്‍ശനത്തിന് 21­ന് ചൊവ്വാഴ്ച വൈകിട്ടു 7 മണിയോട് കൂടി എത്തിച്ചേര്‍ന്ന പരിശുദ്ധ പിതാവിനെ, എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ റവ. ഫാദര്‍. ഷിബു മത്തായി ബൊക്കെ നല്‍കി സ്വീകരിച്ചു. ബാവായുടെ പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന മീറ്റിങ്ങില്‍ സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയ വികാരി റവ. ഫാദര്‍. സജി മുക്കൂട്ട് എല്ലാവര്‍ക്കും സ്വാഗതമോതി. റവ. ഫാദര്‍. ഷിബു മത്തായി, റവ. ഫാദര്‍. എം .കെ . കുറിയാക്കോസ്, റവ. എം.വി. ഏബ്രാഹാം എന്നിവര്‍ ചുരുങ്ങിയ വാക്കുകളില്‍ പ്രസംഗിച്ചു. എക്യൂമെനിക്കല്‍ സെക്രട്ടറി മിസ്റ്റര്‍. മാത്യു ശാമുവേല്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. റിലീജിയസ് കമ്മറ്റി ചെയര്‍പേഴ്‌­സണ്‍ റവ. ഫാ. ഗീവര്‍ഗീസ് ജോണ്‍ വന്നു ചേര്‍ന്ന ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. പരിശുദ്ധ പിതാവിന്റെ സാന്നിധ്യം എക്യൂമെനിക്കല്‍ ഫെലോഷിപ്പിന് കൈവന്ന ഒരസുലഭ മുഹൂര്‍ത്തമായി കാണുന്നുവെന്നും ഫാദര്‍ ഗീവര്‍ഗീസ് ജോണ്‍ കൂട്ടിച്ചേര്‍ത്തു. ഇടവക വികാരി റവ. ഫാദര്‍. സജി മുക്കൂട്ട് , എക്യൂമെനിക്കല്‍ റപ്രസെന്ററ്റീവ് മിസ്റ്റര്‍ സജീവ് ശങ്കരത്തില്‍ എന്നിവര്‍ ചേര്‍ന്നു ക്രമീകരിച്ച വളരെ മനോഹരമായ മീറ്ററിംഗിന് ശേഷം വന്നു ചേര്‍ന്ന എല്ലാവര്‍ക്കും കാതോലിക്കാബാവായുടെയൊപ്പം സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു .രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ അറിയിച്ചതാണി­ത്.