അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് അനുമോദിച്ചു

11:48am 3/8/2016
Newsimg1_70830198 (1)
ചിക്കാഗോ: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ മുപ്പതാമത് ഫാമിലി കോണ്‍ഫറന്‍സ് 2016 ജൂലൈ 20 മുതല്‍ 23 വരെ തീയതികളില്‍ മേരിലാന്റ് എമിറ്റ്‌സ് ബര്‍ഗ് മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയില്‍ വച്ചു അനുഗ്രഹപ്രദമായി നടത്തപ്പെട്ടു. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി വന്ദ്യ തേലപ്പിള്ളില്‍ സക്കറിയ കോര്‍എപ്പിസ്‌കോപ്പയെ തന്റെ സുദീര്‍ഘമായ ഭദ്രാസന സേവനത്തെ പ്രതി അനുമോദിക്കുകയുണ്ടായി. പൊന്നാടയും ഫലകവും ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അച്ചന് നല്‍കി അനുഗ്രഹിക്കുകയുണ്ടായി. കഴിഞ്ഞ 34 വര്‍ഷമായി ഈ ഭദ്രാസനത്തിന്റെ ഉന്നമനത്തിനുവേണ്ടി സ്തുത്യര്‍ഹമായി അച്ചന്‍ സേവനം ചെയ്തുവരുന്നു എന്നും ഭദ്രാസനത്തിലെ ഒരു പ്രമുഖ പള്ളിയായി ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയെ വളര്‍ത്തിയതില്‍ അച്ചന്റെ അധ്വാനവും സമര്‍പ്പണവും വളരെ വലുതാണെന്നും, ഇടവക ജനങ്ങള്‍ അച്ചനോടൊപ്പം ഉറച്ചുനില്ക്കുന്നതാണ് അച്ചന് മുന്നോട്ടുപോകുന്നതിനുള്ള പ്രചോദനം ആകുന്നതെന്നും അഭിവന്ദ്യ തിരുമേനി തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഇനിയും മുന്നോട്ട് ഈ ഇടവകയെ മുന്നില്‍ നിന്നു നയിക്കുന്നതിന് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്നും അഭി. തിരുമേനി ആശംസിച്ചു.

അതോടൊപ്പം ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക സ്ഥാപകാംഗം ഫിലിപ്പ് സക്കറിയയേയും കുടുംബത്തേയും, അദ്ദേഹം ഭദ്രാസനത്തിനു നല്‍കിയ ദീര്‍ഘകാല സേവനത്തെ പ്രതി പൊന്നാടയും ഫലകവും നല്‍കി ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹിക്കുകയുണ്ടായി. ഫിലിപ്പ് സ്കറിയ ഭദ്രാസന ആരംഭം മുതല്‍ വളരെ നല്ല രീതിയില്‍ ഭദ്രാസനത്തിന്റെ പുരോഗതിക്കുവേണ്ടി യാതൊന്നും പ്രതീക്ഷിക്കാതെ പ്രവര്‍ത്തിച്ചിട്ടുള്ളതാണെന്നും പലപ്രാവശ്യം കൗണ്‍സില്‍ മെമ്പറായിട്ടും പല പോഷക സംഘടനാ ഭാരവാഹിയായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അഭി. തിരുമേനി തന്റെ ആശംസാ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ഈ അനുമോദനം ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയ്ക്ക് ഭദ്രാസനം നല്‍കിയ ഒരു സമ്മാനമായി ഇടവക ജനങ്ങള്‍ കാണുന്നു. ശ്രേഷ്ഠ കാതോലിക്കാ ബാവയോടും അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയോടുള്ള സ്‌നേഹവും ആദരവും തൃപ്പാദനങ്ങളില്‍ ഇടവക മക്കള്‍ അര്‍പ്പിക്കുന്നു. ഏലിയാസ് പുത്തുക്കാട്ടില്‍ അറിയിച്ചതാണിത്.