അമേരിക്കയില്‍ പുതിയ എച്ച് 1ബി, എല്‍1 വീസ ബില്‍ കൊണ്ടുവരാന്‍ നീക്കം; ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകും

01:33pm 10/7/2016
Newsimg1_47865854
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ കമ്പനികള്‍ ഭാവിയില്‍ ഐടി പ്രഫഷനല്‍ ഉദ്യോഗസ്ഥരെ എച്ച്1ബി, എല്‍1 വീസ ഉപയോഗിച്ച് എടുക്കുന്നതിനു തടസ്സം സൃഷ്ടിച്ചേക്കാവുന്ന ബില്‍ യുഎസിലെ ജനപ്രതിനിധി സഭയില്‍ കൊണ്ടുവരാന്‍ നീക്കം. ഈ ബില്‍ പാസായാല്‍, തങ്ങളുടെ സ്റ്റാഫില്‍ 50 പേരില്‍ കൂടുതലോ 50 ശതമാനത്തില്‍ കൂടുതലോ എച്ച്1ബി, എല്‍1 വീസ ഉള്ളവരുണ്ടെങ്കില്‍ ആ കമ്പനികള്‍ക്കു പുതുതായി എച്ച് 1ബി വീസയില്‍ ആളുകളെ എടുക്കുന്നതു സാധ്യമല്ലാതാകും.

ന്യൂജഴ്‌സിയിലെ ഡമോക്രാറ്റിക് ജനപ്രതിനിധി ബില്‍ പാസ്കറെല്‍, കലിഫോര്‍ണിയയിലെ റിപ്പബ്ലിക്കന്‍ ജനപ്രതിനിധി ഡാനാ റോഹ്‌­റാബാക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘എച്ച്–1ബി, എല്‍1 വീസ റിഫോം ആക്ട് 2016 കൊണ്ടുവരുന്നത്. ഈ ജനപ്രതിനിധികളുടെ ന്യൂജഴ്‌സി, കലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ളത്.

യുഎസിലെ ഇന്ത്യന്‍ ഐടി കമ്പനികള്‍ ഭൂരിപക്ഷവും എച്ച്–1ബി, എല്‍1 വീസയില്‍ വരുന്നവരെയാണു തങ്ങളുടെ ജോലിക്കായി ആശ്രയിക്കുന്നത് എന്നതുകൊണ്ടു ബില്‍ പാസായാല്‍ അതവരുടെ ബിസിനസിനെ ബാധിക്കും. എന്നാല്‍ ബില്‍ നിയമമാകാന്‍ പ്രസിഡന്റ് ബറാക് ഒബാമ അതില്‍ ഒപ്പിടുന്നതിനു മുന്‍പു സെനറ്റില്‍ പാസാകേണ്ടതുണ്ട്. ബില്‍ പാസ്കറെലും ഡാനാ റോഹ്‌­റാബാക്കറും സമാനമായ ബില്‍ 2010ല്‍ കൊണ്ടുവന്നെങ്കിലും അതിനു യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം കിട്ടിയില്ല.

ഇതേസമയം, പുതിയ ‘എച്ച്–1ബി, എല്‍1 വീസ റിഫോം ആക്ട് 2016’ ഐടി കമ്പനികളുടെ ചൂഷണത്തില്‍നിന്ന് അമേരിക്കക്കാരായ ഐടി ഉദ്യോഗസ്ഥരെയും എച്ച്–1ബി, എല്‍1 വീസയില്‍ വരുന്ന വിദേശ ഐടി പ്രഫഷനലുകളെയും രക്ഷിക്കുവാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നു ബില്‍ പാസ്കറെലും ഡാനാ റോഹ്‌­റാബാക്കറും പ­റഞ്ഞു