അമേരിക്കയില്‍ മുസ്‌ലിമിനെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു

01:10pm 22/7/2016
download (7)
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മുസ്‌ലിം യാത്രക്കാരനെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരനായ മുഹമമ്മദ് അഹമ്മദ് റാദ്‌വാനാണ് വിവേചനം നേരിട്ടത്. കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്നു സംഭവം. എന്നാല്‍ ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (കെയര്‍) പരാതിയുമായി രംഗത്ത് വന്നതോടെയാണ് ഇക്കാര്യം പുറത്തായത്.

കെമിക്കല്‍ എഞ്ചിനിയറായ റാദ് വാന്‍ ഷാര്‍ലെറ്റില്‍നിന്നും ഡിട്രോയിറ്റിലേക്കുപോകുകയായിരുന്നു. വിമാനത്തിന്റെ സീറ്റില്‍ ഇരുന്നപ്പോള്‍ വനിത ജീവനക്കാരി മുഹമ്മദ് അഹമ്മദ്, സീറ്റ് 25-എ, നിങ്ങളെ നിരീക്ഷിക്കുന്നതായിരിക്കുമെന്ന് ഇറക്കെ അനൗണ്‍സ് ചെയ്തു. നിങ്ങളെ നിരീക്ഷിക്കുമെന്ന് വീണ്ടും രണ്ടു തവണകൂടി ഇവര്‍ ഉച്ചത്തില്‍ അനൗണ്‍സ് ചെയ്തതായും റാദ്‌വാന്‍ പറഞ്ഞു. ഇത് കേട്ട് താന്‍ ആശ്ചരപ്പെട്ടതായും റാദ്‌വാന്‍ പറയുന്നു.

30 വര്‍ഷത്തോളമായി വിമാനത്തില്‍ യാത്ര ചെയ്യുന്നയാളാണു ഞാന്‍. ആദ്യമായാണ് ഇത്തരമൊരു അനുഭവം. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എന്നു ചോദിച്ചപ്പോള്‍ വളരെ സെന്‍സിറ്റീവാണു വിഷയം എന്നു പറഞ്ഞ് അവര്‍ നടന്നുപോയതായി റദ്‌വാന്‍ പറയുന്നു. ഇതോടെ റദ്‌വാന് വിമാനത്തില്‍നിന്ന് ഇറങ്ങേണ്ടിവന്നു. മറ്റൊരു വിമാനത്തില്‍ സീറ്റു സംഘടിപ്പിച്ചാണു യാത്ര തുടര്‍ന്നത്. ഇതുമൂലം ധനനഷ്ടമുണ്ടായതായും പുറമേ യാത്രാ പരിപാടികള്‍ താളംതെറ്റുകയും ചെയ്തുവെന്നും റാദ്‌വാന്‍ പറയുന്നു.