അമേരിക്ക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു.

11:55 am 31/5/2017

വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ ഭീഷണി നിലനിൽക്കെ അമേരിക്ക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു. കരയിൽനിന്നു തൊടുക്കാവുന്നതും അതിവേഗം സഞ്ചരിക്കുന്നതുമായ മിസൈൽ പ്രതിരോധ സംവിധാനമാണ് പരീക്ഷിച്ചത്. കാലിഫോർണിയയിലെ വ്യോമസേനത്താവളത്തിൽനിന്നു വിക്ഷേപിച്ച മധ്യദൂര മിസൈൽ ആകാശത്തുവച്ച് ലക്ഷ്യം തകർത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

അണ്വായുധ വാഹക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തരകൊറിയ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഉത്തരകൊറിയയുടെ ലക്ഷ്യം തകർക്കുന്നതിനു വേണ്ടിയാണ് അമേരിക്കയുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസം ഉത്തരകൊറിയ ഹ്രസ്വദൂര സ്കഡ് മിസൈൽ പരീക്ഷിച്ചിരുന്നു. വോണ്‍സാൻ പട്ടണത്തിൽനിന്നു വിക്ഷേപിച്ച സ്കഡ് വിഭാഗത്തിൽപ്പെട്ട ബാലിസ്റ്റിക് മിസൈൽ ആറു മിനിറ്റിനകം 450 കിലോമീറ്റർ സഞ്ചരിച്ച് ജപ്പാൻ കടലിൽ പതിച്ചു.