അമേരിക്ക ലാദന്‍വേട്ട നടത്തിയത് ഒറ്റയ്ക്ക്

10:41am 5/5/2016

download (2)
ന്യൂയോര്‍ക്ക്: അല്‍ കൊയ്ദ ഭീകരന്‍ ഒസാമാ ബിന്‍ ലാദനെ പാകിസ്താനിലെ അബോട്ടാബാദില്‍ വേട്ടയാടാനുള്ള ഓപ്പറേഷന്‍ അമേരിക്ക നടപ്പിലാക്കിയത് ഒറ്റയ്ക്കായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഭീകരവേട്ടയില്‍ പാകിസ്താനെ അമേരിക്ക വിശ്വസിച്ചിരുന്നില്ലെന്നും ലാദന്‍ വേട്ടയുടെ അഞ്ചാം വാര്‍ഷികത്തില്‍ സിഐഎ ഡയറക്ടര്‍ ലിയോണ്‍ പന്നേറ്റയാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഹാര്‍വാഡ് ബിസിനസ് റിവ്യൂവില്‍ എഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തല്‍. തന്റെ ആളുകളാല്‍ ചുറ്റപ്പെട്ട് ഏതോ ഉള്‍നാടന്‍ ഗുഹയിലാണ് കഴിഞ്ഞിരുന്നതെന്ന ധാരണയില്‍ പോകുന്നതിന് പകരം അബോട്ടാബാദിലെ പാക് സൈനിക കേന്ദ്രത്തിന്റെ മൂക്കിന് കീഴിലെ ഒരു വില്ലയില്‍ നിന്നും 2010 ല്‍ ലാദനെ അമേരിക്കന്‍ സൈനികര്‍ കണ്ടെത്തുകയായിരുന്നു. വിവിധ തീവ്രവാദി സംഘടനകളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ ഒരിക്കലും പാകിസ്താന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ കഴിയുമായിരുന്നില്ല. അവരെ വിശ്വസിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അനേകം ചോദ്യങ്ങള്‍ ഉയരുന്നതിനിടയില്‍ തനിച്ച് ലാദന്‍വേട്ട നടത്താന്‍ പ്രസിഡന്റ് ഒബാമ തീരുമാനിക്കുകയായിരുന്നു.
ഓപ്പറേഷനെക്കുറിച്ചും നീണ്ട ലേഖനത്തില്‍ ഇദ്ദേഹം പറയുന്നുണ്ട്. എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാതെ ഇടമുറിയാതെ ടീം തെരച്ചില്‍ നടത്തി. കെട്ടിടത്തിന്റെ മുകളിലേക്ക് കയറുമ്പോള്‍ ലാദന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിച്ചിരുന്ന രണ്ടു സഹോദരങ്ങളെയും പ്രായപൂര്‍ത്തിയായ മൂത്തമകനെയും വധിച്ചു. ഒടുവില്‍ വില്ലയുടെ മൂന്നാം നിലയില്‍ കിടപ്പുമുറിയിലായിരുന്ന ബിന്‍ലാദനെ അവിടെയിട്ട് വെടിവെച്ചുകൊന്നെന്നും പറഞ്ഞു.
അതേസമയം ലാദന്റെ മരണത്തോടെ അല്‍ ക്വയ്ദയുടെ ശക്തി ക്ഷയിച്ചില്ലെന്നും. അഞ്ചു വര്‍ഷം കഴിഞ്ഞും അത് സമൂഹത്തെ കാര്‍ന്നു തിന്നുകയാണെന്നും പെന്നേറ്റ പറഞ്ഞു. എന്നിരുന്നാലും അല്‍ക്വയ്ദ നേതൃത്വത്തെ പ്രത്യേകിച്ച് പാകിസ്താനില്‍ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല പ്രവര്‍ത്തനമാണ് അമേരിക്ക നടത്തിയതെന്നും പറഞ്ഞു.