അര്‍ജന്‍റീന ദേശീയ ഫുട്ബാള്‍ ടീം പരിശീലകനായി സാവോപോളോ കോച്ച് എഡ്ഗാര്‍ഡോ ബൗസയെ നിയമിച്ചു.

12:20pm 03/08/2016
download (5)
ബ്വേനസ് ഐറിസ്: കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്കു പിന്നാലെ ജെറാര്‍ഡോ മാര്‍ടിനോ രാജിവെച്ച ഒഴിവിലേക്കാണ് 58കാരനായ മുന്‍ അര്‍ജന്‍റീന താരം എത്തുന്നത്.
ദേശീയ ടീം പരിശീലക സ്ഥാനമേറ്റെടുക്കാന്‍ അര്‍ജന്‍റീന ഫുട്ബാള്‍ ഫെഡറേഷന്‍ അത്ലറ്റികോ മഡ്രിഡ് കോച്ച് ഡീഗോ സിമിയോണി, ടോട്ടന്‍ഹാമിന്‍െറ മൗറിസിയോ പൊഷെറ്റിനോ എന്നിവരെ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറിയതോടെയാണ് സ്വന്തം മണ്ണില്‍ തന്നെ എത്തിയത്. സെപ്റ്റംബറില്‍ പുനരാരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളാവും പുതിയ കോച്ചിനു മുന്നിലെ ആദ്യ മത്സരം.

എന്നാല്‍, കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്കു പിന്നാലെ ദേശീയ ടീമില്‍ നിന്നും രാജിവെച്ച ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ തിരികെയത്തെിക്കുകയെന്ന വെല്ലുവിളിയാണ് എഡ്ഗാര്‍ഡോ ബൗസക്കുമുന്നിലെ ആദ്യ ദൗത്യം. മെസ്സിയുമായി പുതിയ കോച്ച് ചര്‍ച്ച നടത്തുമെന്ന് ദേശീയ ഫെഡറേഷന്‍ അറിയിച്ചു. അര്‍ജന്‍റീന ടീമില്‍ അദ്ദേഹത്തിന്‍െറ അനിവാര്യത എഡ്ഗാര്‍ഡോ മെസ്സിയെ ബോധ്യപ്പെടുത്തുമെന്നും ഫെഡറേഷന്‍ പറഞ്ഞു. 1981 മുതല്‍ 90 വരെ അര്‍ജന്‍റീനക്കു വേണ്ടി മൂന്നു മത്സരങ്ങളാണ് എഡ്ഗാര്‍ഡോ കളിച്ചത്. 1998ലായിരുന്നു പരിശീലക വേഷത്തിലെ അരങ്ങേറ്റം. പിന്നീട് വിവിധ ക്ളബുകളിലൂടെ ഈ വര്‍ഷാദ്യം സാവോ പോളോയിലത്തെി.