അസമിലെ കൊക്രജറില്‍ തീവ്രവാദി ആക്രമണം; 15 മരണം

08:06am 6/8/2016
download

അസമില്‍ കൊക്രജറിലെ ചന്തയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റയാളെ സുരക്ഷാസേന ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
കൊക്രജര്‍(അസം): അസമിലെ കൊക്രജറില്‍ തിരക്കേറിയ ചന്തയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ മരിച്ചു. സുരക്ഷാസേനയുടെ തിരിച്ചടിയില്‍ ഒരു തീവ്രവാദിയും മരിച്ചു. 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരില്‍ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ട്.
ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ആക്രമണം നടത്തിയത് നിരോധിത ബോഡോ തീവ്രവാദ സംഘടനയായ നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റ് (എന്‍.ഡി.ബി.എഫ്-എസ്) ആണെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതായി എ.ഡി.ജി.പി എല്‍.ആര്‍. ബിഷ്ണോയ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 12.30ന് ബലാജാന്‍ തിനിയാലി ചന്തയിലത്തെിയ സായുധസംഘം ജനക്കൂട്ടത്തിനുനേരെ വെടിവെക്കുകയായിരുന്നു. 12 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രണ്ടുപേര്‍ മരിച്ചത്. വെടിവെപ്പിനുശേഷം കടകള്‍ക്കുനേരെ ഗ്രനേഡ് എറിഞ്ഞു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഒരു തീവ്രവാദി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പക്കല്‍ എ.കെ 47 തോക്കുണ്ടായിരുന്നു. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ സമീപ കെട്ടിടങ്ങളില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തില്‍ തെരച്ചില്‍ തുടരുകയാണ്. എ.കെ 56 റൈഫിള്‍, ചൈനീസ് ഗ്രനേഡുകള്‍ തുടങ്ങിയ ആയുധങ്ങളും സ്ഥലത്ത് കണ്ടത്തെി.

കൊല്ലപ്പെട്ട തീവ്രവാദിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ എന്‍.ഡി.ബി.എഫ് നേതാക്കളുടെ നമ്പറുകള്‍ കണ്ടത്തെി. സംഘടനക്കെതിരെ സുരക്ഷാസേന നടപടി കര്‍ശനമാക്കിയതിലുള്ള തിരിച്ചടിയായാണ് ആക്രമണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. അക്രമിസംഘത്തില്‍ നാലുപേരുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും അസം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയും അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാല്‍ സ്ഥിതിഗതി ധരിപ്പിച്ചു.