ജിജി നീലത്തുംമുക്കിലിന്റെ രണ്ടാം ചരമവാര്‍ഷികം ഓഗസ്റ്റ് 5-ന്

08:10am 6/8/2016

Newsimg1_14854490

തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ് (സങ്കീര്‍ത്തനം 116:15)

അഡ്വ. ജിജി സെബാസ്റ്റ്യന്‍ നീലത്തുംമുക്കില്‍ ഇഹലോകവാസം വെടിഞ്ഞ് സ്വര്‍ഗ്ഗീയ വസതിയില്‍ എത്തിയിട്ട് 2016 ഓഗസ്റ്റ് 5-ന് രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നു. ഉറച്ച ദൈവ വിശ്വാസിയും ആത്മാര്‍ത്ഥത നിറഞ്ഞ മനുഷ്യസ്‌നേഹിയുമായിരുന്നു ജിജി. സഭയില്‍, സമൂഹത്തില്‍, രാഷ്ട്രീയത്തില്‍, സാംസ്കാരിക മണ്ഡലങ്ങളില്‍ എന്നിങ്ങനെ എല്ലാ തലങ്ങളിലും ഏറെ സുഹൃത്തുക്കളെ സമ്പാദിച്ച്, അത്മാര്‍ത്ഥതയോടെയും വിശ്വാസ്തതയോടെയും സേവനം കാഴ്ചവെച്ച് എല്ലാവര്‍ക്കും പ്രിയങ്കരനായിട്ടാണ് ജിജി കടന്നുപോയത്.

ജന്മനാടായ കേരളത്തിലെന്നപോലെ, അമേരിക്കയിലുള്ള തന്റെ പ്രവര്‍ത്തനതലങ്ങളിലെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം അമേരിക്കന്‍ സീറോ മലബാര്‍ രൂപതയ്ക്ക് നല്‍കിയ നേതൃപാടവവും, സാന്നിധ്യവും വിലമതിക്കാന്‍ പറ്റാത്തതാണ്. ജിജിയുമായി ഇടപെട്ട എല്ലാ വ്യക്തികളുടേയും ഹൃദയങ്ങളില്‍ ഒരു നിറസാന്നിധ്യമായി അദ്ദേഹം ഇന്നും ജീവിക്കുന്നു.

ജിജിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് എ.കെ.സി.സി സംസ്ഥാന മുന്‍ പ്രസിഡന്റ് സഭാതാരം ശ്രീ ജോണ്‍ കച്ചിറമറ്റം തയാറാക്കിയ “അഡ്വ. ജിജി സെബാസ്റ്റ്യന്‍ നീലത്തുംമുക്കില്‍ – പൊതു പ്രവര്‍ത്തനത്തിന്റെ സൂര്യതേജസ്’ എന്ന ജീവചരിത്ര സ്മരണിക പ്രകാശനം ചെയ്ത് ഒരു മാസത്തിനകം വിറ്റഴിഞ്ഞത് ജിജിയോടുള്ള സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ആത്മാര്‍ത്ഥതയുടേയും സ്‌നേഹത്തിന്റേയും പ്രതിഫലനമാണ്.

ജിജിയുടെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം.

പരേതന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ 2016 ഓഗസ്റ്റ് അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് സീറോ മലബാര്‍ ചര്‍ച്ച്, കോറല്‍സ്പ്രിംഗ്, ഫ്‌ളോറിഡയില്‍ വച്ച് വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടക്കും. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ഓഗസ്റ്റ് ആറാംതീയതി 8 മണിക്ക് വിശുദ്ധ കുര്‍ബാനയും നടക്കും.

2016 ഓഗസ്റ്റ് 12-ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പരേതന്റെ ഓര്‍മ്മയ്ക്കായി ചങ്ങനാശേരി സേവന നികേതന്‍ തിരുഹൃദയ നിവാസ് സ്കൂള്‍ ഓഫ് മെന്റലി ചലഞ്ചിഡ്‌നായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഫിസിയോതെറാപ്പി യൂണീറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കുന്നത്. ചടങ്ങില്‍ പി.ജെ. ജോസഫ് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, സി.എഫ്. തോമസ് എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും.

ഈ ധന്യനിമിഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

ജയ്‌മോള്‍ ജിജി സെബാസ്റ്റ്യന്‍ (ഭാര്യ),
ക്രിസ്റ്റോ ജിജി (മകന്‍),
ജോസഫ് സെബാസ്റ്റ്യന്‍ (സഹോദരന്‍).