കേരളത്തിന്റെ മാറ്റങ്ങള്‍: ആശങ്കയും ആകാംക്ഷയും

08:11am 6/8/2016
(മണ്ണിക്കരോട്ട്)
Newsimg1_2020055
പുതുതലമുറയും ആഗോളവത്ക്കരണവും കേരളത്തെ എവിടെക്കൊണ്ടെത്തിക്കുമെന്നു ചിന്തിച്ചുപോ കയാണ്. കേരളം പുരോഗമിച്ചു, പുരോഗമിക്കുന്നു, പുരോഗമിച്ചുകൊണ്ടേയിരിക്കുന്നു? ഇതൊക്കെ പലരും പറയും. പുരോഗമനം അല്ലെങ്കില്‍ മുന്നോട്ടുള്ള ഗമനം അതായത് വികസനോത്മുഖമായ മാറ്റങ്ങള്‍ നല്ലതും അനിവാര്യവുമാണ്. പുരോഗമനമാണെല്ലോ കാട്ടില്‍ തുടങ്ങിയ മനുഷ്യജീവിതത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചതും ഇപ്പോള്‍ ശാസ്ത്രലോകത്തുനിന്ന് സൈബര്‍ യുഗത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നതും. പുരോഗമനം നന്മയ്ക്കും മാനുഷിക വികാസത്തിനും വേണ്ടിയല്ലെങ്കില്‍ അവിടെ അധോഗമനത്തിന്റെ വഴി തുറക്കുകയായിരിക്കും. അതുപോലെ പുരോഗമനം മനുഷ്യന്റെ, നാടിന്റെ അടിസ്ഥാന മൂല്യങ്ങളെ നശിപ്പിക്കുന്നതാണെങ്കില്‍ അവിടെയും അധോഗമനമായിരിക്കും ഫലം.

ഇവിടെ പുരോഗമനത്തിന്റെ മറ്റൊരു തലംകൂടി ചിന്തിക്കാനുണ്ട്. അതാണ് മാറ്റങ്ങള്‍. പുരോഗമനവും മാറ്റവും രണ്ടാണ്. പുരോഗമനം സൗകരങ്ങളുടെ വികാസമാകുമ്പോള്‍ മാറ്റം മൂല്യങ്ങളുടെ ഗതിഭേദങ്ങളും വ്യതിയാനങ്ങളുമാകാം. ഇന്ന് കേരളത്തില്‍ കുറച്ചൊക്കെ പുരോഗമനങ്ങളും അതിലേറെ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. അത് തുടരുകയും ചെയ്യുന്നു. മാറ്റങ്ങള്‍ കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതിലാണ് ആശങ്കയും ആകാംക്ഷയും. “മാനുഷ്യരെല്ലാരും ഒന്നുപോലെ”യായിരുന്ന കേരളം ഇന്ന് എങ്ങനെ മാറിയിരിക്കുന്നു? അതിന്റെ തനിരൂപം ഇവിടെ എടുത്തു പറയേണ്ട ആവശ്യമില്ലെന്നറിയാം. കാരണം മാറിയ കേരളത്തില്‍ മനുഷ്യത്വം ഇന്ന് ഏതറ്റംവരെ എത്തിയിരിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. “അവിടമൊരൈശ്വര്യദേവത തന്നനഘദേവാലയ”മായിരുന്ന കേരളം ഇന്നെവിടേ? അതുമാത്രമല്ല, പ്രകൃതിസമ്പത്തെല്ലാം നശിപ്പിച്ചുകൊണ്ട് ഇന്ന് കേരളത്തിന്റെ ഭൂമിശാസ്ത്രംതന്നെ മനുഷ്യന്‍ മാറ്റിയിരിക്കുന്നു.

കേരളത്തിന്റെ ഇന്നത്തെ മാനുഷിക ശോഷണത്തെക്കുറിച്ചെഴുതിയാല്‍ അതൊരു വലിയ ഇതിഹാസമായിരിക്കും. തകര്‍ന്ന മനുഷ്യത്വത്തിന്റെ കഥകളും നശിച്ച മൂല്യങ്ങളുടെ ഓര്‍മ്മകളും അത്രയ്ക്കും ആഴവും വ്യാപ്തവുമാണ്. അതിലേക്കു കടക്കുന്നില്ല. ഇവിടെ ഞാന്‍ ഏഷ്യാനെറ്റില്‍ വീക്ഷിച്ച ഒരു പരിപാടിയിലെ ഒരു ചെറിയ ഭാഗം വായനക്കാരുമായി പങ്കുവയ്ക്കുന്നതിന്റെ ആമുഖമായി ഇത്രയും സൂചിപ്പിച്ചെന്നു മാത്രം. ആ പരിപാടി കണ്ടപ്പോള്‍ കേരളത്തിലെ പുതുതലമുറ നാടിനെക്കുറിച്ചുള്ള അറിവില്‍ എത്രമാത്രം വിദൂരത്തിലാണെന്നും അങ്ങനെ പോയാല്‍ നാട് സാംസ്ക്കാരികമായും മാനുഷികമായും എത്രമാത്രം അപകടസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും ചിന്തിച്ചുപോയി. ആ പരിപാടിയിലെ രണ്ടു കാര്യങ്ങള്‍ മാത്രം വായനക്കാരുമായി പങ്കവയ്ക്കുകയാണ്.

നാടിന്റെ മൗലീകതയുടെ ഭാഗമായ വളരെ നിസാരമായ ഒരു ചോദ്യത്തിന് ഒരു കുട്ടിയുടെ പരുങ്ങലും പരാജയവും എന്നെ അമ്പരപ്പിച്ചു. ഏഷ്യാനെറ്റുള്ള എല്ലാവര്‍ക്കും സുപരിചിതമായ ഒരു പരിപാടിയാണ് ‘സെല്‍ മി ദി ആന്‍സ്ര്‍’. അവതാരകന്‍ ചോദ്യം ചോദിക്കും (പതിവായി നടന്‍ മുകേഷ് ആണ് അവതാരകന്‍. എന്നാല്‍ ഇവിടെ പകരം സുരാജ് വെഞ്ഞാറമൂടായിരുന്നു). ഓരോ ചോദ്യത്തിനും ശരിയായ ഉത്തരത്തിന് നിശ്ചിത തുക വിലയുണ്ട്. ഉത്തരം അറിയില്ലെങ്കില്‍ സഹായിക്കാന്‍ ആളുകളുണ്ട് (42 ട്രെയ്‌ഡേഴ്‌സ്). അതില്‍ ആരെങ്കിലുമാണ് ഉത്തരം പറയാന്‍ സഹായിക്കുന്നതെങ്കില്‍ ആ ആള്‍ക്ക് ചോദ്യത്തിന്റെ വിലയുടെ ഒരു ഭാഗം പങ്കുവയ്ക്കണം. അതിനും വിലപേശലുണ്ട്.

അതെന്തുമാകട്ടെ. ഇവിടെ ഒരു വിഡിയൊ ചോദ്യമായിരുന്നു. ഒരിടത്ത് ധാരാളം പൊതിക്കാത്ത തേങ്ങ കൂട്ടിയിട്ടിരിക്കുന്നു. ഒരാള്‍ അതിലൊരെണ്ണം കയ്യിലെടുത്ത് ചോദിക്കുന്നു. ഇത് പൊതിച്ചുകഴിഞ്ഞ് ചിരട്ടയോടെ കിട്ടുന്ന തേങ്ങായ്ക്ക് എത്ര കണ്ണുകളുണ്ടാകും? ഇവിടെ മറുപടി പറയാന്‍ നില്‍ക്കുന്നത് പതിനൊന്നു പന്ത്രണ്ട് വയസു തോന്നിയ്ക്കുന്ന ഒരു ബാലതാരമാണ്. ആ കുട്ടിയ്ക്ക് പരുങ്ങലായി. സുരാജ് വെഞ്ഞാറമൂട് വേണ്ടവിധം വിവരിച്ചുകൊടുക്കുകുയും ചെയ്യുന്നുണ്ട്. എന്നിട്ടും ഉത്തരം അറിയില്ല. ഇതാണ് ഇപ്പോഴത്തെ കുട്ടികള്‍ക്ക് ജന്മനാടിനെക്കുറിച്ചുള്ള അറിവിന്റെ ചുരുക്കം. എന്നാല്‍ ഇവര്‍ക്കെല്ലാം പാശ്ചാത്യ ലോകത്തെ അത്യാധുനിക ഉല്‍പന്നങ്ങള്‍ പ്രത്യേകിച്ച് കെ്ംപ്യുടര്‍ ഗെയിംസ് എല്ലാം ശരിയായി അറിയുകയും ചെയ്യാം.

ഈ കുട്ടി ഒരുപക്ഷേ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരിക്കാം. എന്നാലോ? കേരളം എന്ന പേരിന്റെ അടിസ്ഥാനം തന്നെ കേരത്തില്‍നിന്നാണെല്ലോ. മാത്രമല്ല, കേരളത്തിന്റെ കല്പവൃക്ഷവും തെങ്ങ്. എന്നിട്ടും പൊതിച്ച തേങ്ങയ്ക്ക് എത്ര കണ്ണുകളുണ്ടെന്നറിയാത്ത കേരളത്തിലെ കുട്ടികള്‍. ഈ കുട്ടി ഒരു പക്ഷേ ഇംഗ്ലീഷ് മീഡയം സ്ക്കൂളില്‍ ആയിരിക്കാം പഠിക്കന്നത്. എങ്കില്‍ അവിടെ കേരളത്തെക്കുറിച്ച് കേവലം അടിസ്ഥാനപരമായ കാര്യങ്ങളെങ്കിലും പഠിപ്പിക്കുകയില്ലേ? അല്ലെങ്കില്‍ കുടുംബത്തില്‍നിന്നോ അയല്‍ക്കാരില്‍നിന്നോ നാടിനെക്കുറിച്ചുള്ള സാധാരണ കാര്യങ്ങളെങ്കിലും അറിയാല്‍ കഴിയുകയില്ലേ? എന്നാല്‍ അനാവശ്യമായതെല്ലാം പഠിക്കുകയും ചെയ്യും. അതോ അത്തരക്കാരെ തികച്ചും വിദേശിയരായി വളര്‍ത്തുകയാണോ ചെയ്യുന്നത്?