അ‍ഞ്ച് വര്‍ഷം മുന്‍പേ രാജീവ് ഗാന്ധിയുടെ മരണം സിഐഎ പ്രവചിച്ചിരുന്നു.

11:11 am 30/1/2017

download (6)
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അമേരിക്കന്‍ ചാരസംഘടന സി.ഐഎ 1986ല്‍തന്നെ പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ട്. രാജീവ് വധത്തിന് പിന്നാലെ ഇന്ത്യയിലെ രാഷ്ട്രീയ ഘടനയിലും യു എസ് ബന്ധത്തിലും ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചും സിഐഎ സര്‍ക്കാറിനെ അറിയിച്ചിരുന്നതായി അടുത്തിടെ സി.ഐ.എ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. 1991 മേയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്ബതൂരില്‍വെച്ച്‌ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
‘ഇന്ത്യ രാജീവിനുശേഷം’ എന്ന തലക്കെട്ടില്‍ 23 പേജ് വരുന്ന റിപ്പോര്‍ട്ടാണ് 1986 മാര്‍ച്ചില്‍ സി.ഐ.എ തയാറാക്കിയത്. 1989ല്‍ കാലയളവ് പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് രാജീവ് കൊല്ലപ്പെടാന്‍ ചുരുങ്ങിയത് രണ്ട് സാഹചര്യങ്ങളെങ്കിലും കാണുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രധാന തീരുമാനങ്ങള്‍ എന്ന ആദ്യഭാഗത്ത്, ഒന്നിലധികം വിഭാഗങ്ങളുടെ വധഭീഷണി രാജീവ് നേരിടുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. കശ്മീര്‍, സിഖ് സംഘടനകളില്‍നിന്നാണ് രാജീവ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്. സിഖ്, മുസ്ലിം സംഘടനകളാണ് രാജീവിനെ വധിക്കുന്നതെങ്കില്‍ രാജ്യവ്യാപക സാമുദായിക സംഘര്‍ഷം ഉടലെടുത്തേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാജീവിന്‍റെ അഭാവം ആഭ്യന്തര, ആഗോള രാഷ്ട്രീയത്തിലുണ്ടാക്കാവുന്ന മാറ്റവും അത് യു.എസ്, സോവിയറ്റ് യൂനിയന്‍ എന്നിവയുമായി ഇന്ത്യയുടെ ബന്ധത്തിലുണ്ടാക്കാവുന്ന ആഘാതങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പി.വി. നരസിംഹ റാവുവോ വി.പി. സിങ്ങോ രാജീവിന്‍റെ പിന്‍ഗാമിയാവുമെന്നും സിഐഎ പ്രവചിക്കുന്നു.

തമിഴ് സംഘടനകളില്‍നിന്ന് രാജീവ് ഭീഷണി നേരിട്ടിരുന്നതായി പുറത്തുവിട്ട പകര്‍പ്പില്‍നിന്ന് വ്യക്തമല്ല. എന്നാല്‍, ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നം പരിഹരിക്കാന്‍ രാജീവ് ഗാന്ധി നടത്തിയ ഇടപെടലുകള്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. കൊലപാതകം കൂടാതെ, രാജീവിന്‍റെ ഭരണം അവസാനിക്കാനുള്ള മറ്റുപല കാരണങ്ങളും പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട്, രാജീവ് വധം യു.എസ്-ഇന്ത്യ ബന്ധത്തില്‍ കനത്ത നഷ്ടം വരുത്തിവെക്കുമെന്നും പറയുന്നു.
യു.എസ് വിവരാവകാശ നിയമപ്രകാരം അടുത്തിടെയാണ് പലഭാഗങ്ങളും ഒഴിവാക്കി റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പരസ്യമാക്കിയത്. പുറത്തുവിട്ട പകര്‍പ്പില്‍ തലക്കെട്ട് തന്നെയും പൂര്‍ണമായി നല്‍കിയിട്ടില്ല.