ആഗസ്ത് ഒന്നു മുതല്‍ ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല

01.36 AM 03-07-2016
Best-Cheap-Bike-Helmets-Price-Online-in-Flipkart-Amazon-and-Snapdeal
ആഗസ്ത് ഒന്നു മുതല്‍ ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന നിര്‍ദ്ദേശം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരസഭകളുടെ കീഴില്‍ നടപ്പാക്കാന്‍ ആരംഭിക്കുമെന്നും ഉത്തരവിനെ ഗതാഗതമന്ത്രി എതിര്‍ത്തുവെന്നത് തെറ്റായ വാര്‍ത്തയാണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരാതികളില്ലാതെ നടപ്പാക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്.ജനങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാമെന്നും മന്ത്രി പറഞ്ഞതായും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവുമായി മുന്നോട്ടുപോവാന്‍ ഗതാഗതമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുവെ നിര്‍ദേശത്തോട് അനുകൂല പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ പദ്ധതിയുമായി മുന്നോട്ടുപോവുമെന്നും കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പില്‍ വരുത്തുമെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്ക് പോലീസിന്റെയോ മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥന്റെയോ അധികാരം നല്‍കാനൊന്നും തീരുമാനിച്ചിട്ടില്ല.ഇതുമായി ബ്ന്ധപ്പെട്ടുളള പ്രചരണങ്ങള്‍ തെറ്റാണ്.പമ്പുകളില്‍ കാമറകള്‍ സ്ഥാപിക്കും.നിലവിലുള്ള നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ താനായിട്ടൊന്നും നിര്‍മിച്ചിരിക്കുന്നതല്ല.പുതുതായിട്ടൊന്നുമില്ല.പുതുതായിട്ടുള്ള ഉത്തരവുമില്ല.മോട്ടോര്‍ വാഹനവകുപ്പിന് പേരെടുക്കാനോ സാഹസം കാട്ടനോ അല്ല് ഇത് നടപ്പാക്കുന്നത്. നമ്മള്‍ ഓരോരുത്തര്‍ക്കും വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നതെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. സിഎന്‍ജി, ഹെല്‍മറ്റ് വേട്ട, റോഡ് സുരക്ഷ ഉറപ്പ് വരുത്തുക എന്നിവയെല്ലാം സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളാണ്. അവ നടപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് ഒന്നരക്കോടി രൂപ മുടക്കി കേരളത്തിലെ എഫ്എം റേഡിയോകളിലൂടെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നല്‍കും. ബോധവല്‍ക്കരണത്തിനായി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.