ആചാരമാണെന്നു കരുതി ജെല്ലിക്കെട്ടിന് അനുമതി നല്‍കാനാവുമോയെന്നു സുപ്രീം കോടതി

01.47 AM 27-07-2016
jallikattu new_0
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണെന്നു കരുതി ജെല്ലിക്കെട്ടും ബാലവിവാഹവുമൊക്കെ നടത്താന്‍ അനുമതി നല്‍കാനാവുമോയെന്നു സുപ്രീം കോടതി. ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്‌നാട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ കടുത്ത പരാമര്‍ശം. ഹര്‍ജി പരിഗണിക്കുന്നത് ഉയര്‍ന്ന ബെഞ്ചിനു വിടണമെന്നു തമിഴ്‌നാട് ആവശ്യപ്പെട്ടെങ്കിലും കോടതി തീരുമാനമെടുത്തില്ല. ജെല്ലിക്കെട്ടിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും അതുകൊണ്ടു തന്നെ അതിന് അനുമതി നല്‍കണമെന്നുമുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ വാദത്തെയാണ് സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇന്ത്യയില്‍ 12 വയസ് മാത്രം പ്രായമുള്ള പതിനായിരങ്ങള്‍ വിവാഹിതരായിരുന്നു. അന്നത്തെ ആചാരമാണെന്നുവച്ച് ഇപ്പോള്‍ അത് അനുവദിക്കാനാകുമോ? കോടതി ചോദിച്ചു. ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്നതു ആചാരത്തിലുപരി ഭരണഘടനാപരവും നിയമപരവുമായ വിഷയമാണെന്നും ഇത്തരം കായിക മത്സരങ്ങള്‍ നിയമവിരുദ്ധമാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.