04:34 pm 4/6/2017

അബൂദബി: എം.ടി. വാസുദേവൻ നായർ രചിച്ച ‘രണ്ടാമൂഴം’ നോവലിനെ ആസ്പദമാക്കി ആയിരം കോടി രൂപ ചെലവിൽ നിർമിക്കുന്ന ചലച്ചിത്രത്തിന്റെ മലയാളത്തിലെ പേര് രണ്ടാമൂഴം എന്നു തന്നെ. ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെ മറ്റു ഭാഷകളിൽ ചിത്രത്തിെൻറ പേര് ‘മഹാഭാരതം -രണ്ടാമൂഴം ദ മൂവീ’ എന്നായിരിക്കും. രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി ചലച്ചിത്രം നിർമിക്കുന്നുവെങ്കിൽ അതിെൻറ പേര് രണ്ടാമൂഴം എന്നു തന്നെ ആയിരിക്കണമെന്നും മഹാഭാരതം എന്ന പേര് അംഗീകരിക്കില്ലെന്നും ഹിന്ദു െഎക്യവേദി പ്രസിഡൻറ് കെ.പി. ശശികല പ്രസ്താവിച്ചിരുന്നു.
‘രണ്ടാമൂഴം’ നോവൽ മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എല്ലാ മലയാളികൾക്കും അറിയുമെന്നതിനാലാണ് മലയാളത്തിൽ ചിത്രത്തിെൻറ പേര് ‘രണ്ടാമൂഴം’ എന്ന് മാത്രമായി നിശ്ചയിച്ചതെന്ന് സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ അബൂദബിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൊത്തം ആറ് മണിക്കൂറുള്ള ചലച്ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് നിർമിക്കുക. എല്ലാ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ചിത്രം പുറത്തിറക്കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ചലച്ചിത്രങ്ങൾ അതത് ഭാഷകളിൽ തന്നെ ചിത്രീകരിക്കും. തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രീകരിക്കാൻ ശ്രമിക്കും. മറ്റു ഭാഷകളിൽ ഡബ്ബ് ചെയ്തായിരിക്കും ചലച്ചിത്രം പ്രേക്ഷകരിലെത്തിക്കുക.
