ഇനിയും അമ്മമാരുടെ കണ്ണുനീര്‍ വീഴാതിരിക്കാന്‍ ജാഗരൂകരാകണം :ജിബി തോമസ്

07:00pm 29/4/2016

Jibithomas_pic
2014 ഫെബ്രുവരിയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സതേണ്‍ ഇല്ലിനോയി വിദ്യാര്‍ഥി പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്ന് ജിബി തോമസ് ആവശ്യപ്പെട്ടു. പ്രവീണിന്റെ മാതാപിതാക്കള്‍ക്ക് ഉണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും ശ്രദ്ധയും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതാണ്. പ്രവീണിന്റെ അമ്മ ലൗലി വര്‍ഗീസിന്റെ കണ്ണുനീര്‍ വീണ ഈ മണ്ണില്‍ ഇനിയും അമ്മമാരുടെ കണ്ണുനീര്‍ വീഴാതിരിക്കാന്‍ ജാഗരൂകരായേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രവീണ്‍ തണുപ്പുമൂലം മരിച്ചുവെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ മകന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ട കുടുംബം പ്രവീണ്‍ കൊല്ലപ്പെട്ടതാണെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. അമേരിക്കന്‍ നിയമങ്ങള്‍ മലയാളി സമൂഹത്തിനു സുരക്ഷ തരുന്നില്ലെങ്കില്‍ നാം കൂട്ടായിനിന്നു പൊരുതിയേ തീരൂ -ജിബി അഭിപ്രായപ്പെട്ടു.

മലയാളി, ഇന്ത്യന്‍ സമൂഹങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ അടുത്തകാലത്തായി വര്‍ധിച്ചുവരികയാണ്. ഇതിനെതിരേ പ്രതിരോധവലയം തീര്‍ത്തില്ലെങ്കില്‍ ഇനിയും അമ്മമാരുടെ കണ്ണുനീര്‍ കാണേണ്ടി വരും. മലയാളി, ഇന്ത്യന്‍ സമൂഹങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മുതിര്‍ന്ന സംഘടനാ നേതാക്കള്‍ മുന്നിട്ടിറങ്ങണം. അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ വളര്‍ച്ച ആരേയും അമ്പരപ്പിക്കുന്നതാണ്. ഇതിന്റെ ഫലമാണ് അമേരിക്കയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ യുവാക്കള്‍.

ഇത്തരം വിഷയങ്ങളില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ മാത്രം കണ്ടുവരുന്നത് നിര്‍ഭാഗ്യമാണ്. പ്രതിഷേധങ്ങള്‍ ഒരുമിച്ചു കൂടണം. വലിയ ശക്തിയാകണം. എങ്കില്‍ നിയമവും നമുക്ക് താങ്ങാകും. ഇന്ത്യക്കാരന്റെ പോരാട്ടവീര്യം ചെറുതല്ലെന്ന ബോധ്യപ്പെടുത്തേണ്ട ചുമതല നമുക്കുണ്ട്. നമ്മുടെ രക്ഷയ്ക്കാണിത്.

കെണികളില്‍പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിനും അവരുടെ കുടുംബങ്ങള്‍ക്ക് താങ്ങാകുന്നതിനും ദേശീയ തലത്തില്‍ ഒരു കൂട്ടായ്മയുടെ ആവശ്യം ഉണ്ട്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സമാനചിന്താഗതിക്കാരുമായി യോജിക്കാനും ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞെന്നും ജിബി തോമസ് പറഞ്ഞു.