ഇന്ത്യന്‍ കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ട്രംപ് അനുകൂല റാലി ഫിലഡല്‍ഫിയയില്‍ ഒക്ടോബര്‍ 8ന് –

പി. പി. ചെറിയാന്‍
Newsimg1_99487757
ഫിലഡല്‍ഫിയ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഇന്ത്യന്‍ കമ്മ്യുണി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് അനുകൂല റാലി സംഘടിപ്പിക്കുന്നു. അമേരിക്കയിലെ വര്‍ഗ–വര്‍ണ്ണ– ജാതി ചിന്തകള്‍ക്കതീതമായി എല്ലാ വിഭാഗങ്ങളേയും റാലിയില്‍ അണിനിരത്തുമെന്ന് സംഘാടകരായ സത്യ ദേശ്പതി, അരവിന്ദ് കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കോര്‍പറേറ്റ് വെല്‍ഫെയര്‍ മാത്രം ലക്ഷ്യം വെച്ചു കൊണ്ട് ബുഷ് കുടുംബവും ക്ലിന്റന്‍ കുടുംബവും കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ഭരണ പരിഷ്കാരങ്ങളില്‍ അടിസ്ഥാന മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ഡോണാള്‍ഡ് ട്രംപ് വിജയിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംഘാടകര്‍ പറയുന്നു. കുടുംബ ഭരണം അവസാനിപ്പിക്കുന്നതിനുളള അവസരമാണ് അമേരിക്കന്‍ ജനതക്ക് കൈവന്നിട്ടുളളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

ഫിലഡല്‍ഫിയയില്‍ സംഘടിപ്പിക്കുന്ന റാലിക്കു സമാനമായി ഫ്‌ലോറിഡ, നോര്‍ത്ത് കാരലൈന, ഒഹായൊ തുടങ്ങിയ സംസ്ഥാനങ്ങളിലും ട്രംപിന് അനുകൂല റാലി സംഘടിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും ഇവര്‍ അറിയിച്ചു. ട്രംപ് ഉയര്‍ത്തിയിരിക്കുന്ന മുദ്രവാക്യം ഒരു വിഭാഗത്തിന്റെ മാത്രം വളര്‍ച്ച ലക്ഷ്യമാക്കിയിട്ടുളളതല്ലെന്നും അമേരിക്കയിലെ മുഴുവന്‍ ജനതയുടെയും വികാരം ഉള്‍കൊണ്ടിട്ടുളളതാണെന്നും അരവിന്ദ് കുമാര്‍ പറഞ്ഞു.

അഴിമതിയും ഭീകരാക്രമണവും അമേരിക്കന്‍ ജനതയെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണെന്നും, അമേരിക്കന്‍ നികുതി ദായകര്‍ നല്‍കുന്ന പണം മറ്റു രാജ്യങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും, ഇതിനൊരറുതി വരണമെങ്കില്‍ ട്രംപ് അധികാരത്തിലെത്തണമെന്നും ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യന്‍ സമൂഹം ട്രംപിന് നല്‍കുന്ന പിന്തുണ ഒക്ടോബര്‍ 8ന് നടക്കുന്ന റാലിയിലൂടെ തെളിയുമെന്നും ഇതിനെല്ലാവരും സഹകരിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.