വിവാദങ്ങള്‍ക്കു താല്പര്യമില്ല, ഫൊക്കാനയുടെ ഉയര്‍ച്ചയ്ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും : മാധവന്‍ ബി നായര്‍ –

08:44 pm 1/10/2016

ബിജു കൊട്ടാരക്കര
Newsimg1_92769510
യുക്തിരഹിതമായ വിവാദങ്ങളില്‍ തനിക്കു താല്പര്യമില്ലെന്നും, ഫൊക്കാനയുടെ വളര്‍ച്ചയ്ക്കും, ഒപ്പം അമേരിക്കന്‍ മലയാളികളുടെ സര്‍വ്വതോമുഖമായ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഫോക്കനാ പ്രസിഡന്റ് സ്ഥാനാര്‍ഥി മാധവന്‍ ബി നായര്‍. സമീപകാലത്തു ഫൊക്കാനയുടെ പേരില്‍ ഉണ്ടായ വിവാദങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നു.

ചോദ്യം :താങ്കളുടെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയില്‍ വലിയ വിവാദങ്ങള്‍ ആണല്ലോ ഉണ്ടാക്കിയത്. ഈ വിവാദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

ഉത്തരം : ഞാന്‍ ഒരു സാധാരണ ഫൊക്കാനയുടെ അംഗമാണ്, ഫൊക്കാനയുടെ ഭൂരിഭാഗം പ്രവര്‍ത്തകരുടെയും ആവശ്യപ്രകാരമാണ് ഞാന്‍ സ്ഥാനാര്‍ഥി ആയത്. ഫൊക്കാന പ്രസിഡന്റ് ആകുവാന്‍ ആഗ്രഹിച്ച വ്യക്തിയല്ല ഞാന്‍. െ്രെടസ്‌റ്റേറ്റു ഏരിയയിലെ മലയാളി സംഘടനകളുടെ നേതാക്കന്മാര്‍, ഫൊക്കാനയുടെ നേതാക്കന്മാരൊക്കെ ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് ഞാന്‍ മത്സര രംഗത്തു വന്നത്. ഞാന്‍ ഒരിക്കല്‍ പോലും അറിയാത്ത വിവാദങ്ങളിലേക്കാണ് എന്നെ പലരും കൊണ്ടെത്തിച്ചത്, ഞാന്‍ പല സംഘടനകളുടെ സ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളാണ്. അമേരിക്കയിലുള്ള ഒട്ടുമുക്കാലും സാമൂഹ്യ പ്രവര്‍ത്തകരുടെ ചരിത്രം നോക്കിയാല്‍ പല സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് അവരെല്ലാവരും. അവര്‍ക്കാര്‍ക്കും ഇല്ലാത്ത അയിത്തമാണ് ചില ആളുകള്‍ എനിക്കെതിരെ ഉന്നയിച്ചത്, അതില്‍ അതിയായ വേദനയുണ്ട്. നാമം എന്ന സംഘടയുടെ സ്ഥാപകനാണ് ഞാന്‍, ആ സംഘടനാ തുടങ്ങിയ കാലം മുതല്‍ സാംസ്കാരിക രംഗത്തു സജീവം. നാമത്തിന്റെ പ്രതിഭാപുരസ്കാരങ്ങള്‍ അമേരിക്കയിലെ പലരംഗംങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എത്രയോ വ്യകതികള്‍ക്കു നല്‍കിയിട്ടുണ്ട് അതിലൊക്കെ നാമം ഒരു സാംസ്കാരിക സംഘടനയാണെന്ന് എല്ലാവര്ക്കും അറിവുള്ളതാണ്. നാമവും നായര്‍ മഹാമണ്ഡലവും രണ്ടും രണ്ടു സംഘടനയാണ്. അത് വിവാദമുണ്ടാക്കുന്നവര്‍ക്കുപോലും അറിയാം. അപ്പോള്‍ സംഭവം അതല്ല, വ്യക്തിപരമായി അധിക്ഷേപിക്കലാണ് സംഭവിക്കുന്നത്, അത് അമേരിക്കന്‍ മലയാളികള്‍ തിരിച്ചറിയും. ഇത് അമേരിക്കയാണ്, ജാതിയും മതവും പറഞ്ഞു തമ്മിലിടയ്ക്കാന്‍ കേരളമല്ല. ഞാന്‍ ജയിച്ചാലും പരാജയപ്പെട്ടാലും ഫൊക്കാനയ്‌­ക്കൊപ്പം നിലകൊള്ളും. 4 വര്‍ഷത്തിലധികമായി ഫൊക്കാനയുടെ കുതിപ്പിലും കിതപ്പിലുമൊക്കെ ഒപ്പം നിന്നു, ഇനിയും അത് തുടരും. മറ്റൊരു സങ്കടം കൂടി ഉള്ളത് ഫൊക്കാനയുടെ പ്രതിസന്ധി ഘട്ടത്തില്‍ ഫൊക്കാനയെ പിടിച്ചുനിര്‍ത്തുകയും കേസിനും മറ്റുമായി ഓടി നടന്ന വ്യക്തികളെ സ്വാര്‍ത്ഥ താല്പര്യമുള്ളവര്‍ എന്നൊക്കെ വിളിച്ചു അധിക്ഷേപിക്കുന്നതിനോട് എനിക്ക് യോജിക്കാന്‍ സാധിക്കില്ല. അന്ന് ഈ പറയുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല. ഫൊക്കാനയില്‍ അത്ര സജീവമായിരുന്നില്ലെങ്കിലും ഞാനും ഇതൊക്കെ ശ്രദ്ധിച്ചിരുന്ന ഒരാള്‍ ആണ്.

ചോദ്യം : എന്തുകൊണ്ടാണ് ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ തീരുമാനിച്ചത്.?

ഉത്തരം : 1983 ലാണ് ഫൊക്കാന തുടങ്ങുന്നത് അമേരിക്കന്‍മലയാളികളു ടെ വളര്‍ച്ചയില്‍ സാംസ്കാരികമായി ഇടപെടലുകള്‍ നടത്തിയ സംഘടന എന്ന നിലയില്‍ അമേരിക്കയിലും ഈ സംഘടനയ്ക്ക് ഒരു മതിപ്പുണ്ട്. ഈ സാഹചര്യം ആണ് ഒന്നാമതായി മത്സരിക്കാനുള്ള കാരണം. അതിനു ഫൊക്കാനയുടെ നേതൃത്വത്തിലുള്ളവരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഉണ്ടായി. ഞാന്‍ ഒരു സംഘടനയെ നോക്കികാണുന്നത് അതിന്റെ സിസ്റ്റത്തിലൂടെയാണ്. ഒരു മികച്ച സിസ്റ്റം ഫൊക്കാനയ്ക്കുണ്ട്, അതിനൊപ്പം നീക്കാനാണ് എനിക്കിഷ്ടം. ഞാന്‍ ഒരു മാനേജുമെന്റ് രംഗത്തു പ്രവര്‍ത്തിക്കുന്ന ആളായതുകൊണ്ടു ഫൊക്കാനയുടെ ഈ സിസ്റ്റത്തെ ഒരു പടികൂടി മുന്പിലെത്തിക്കുക എന്ന് മാത്രമേ ലക്ഷ്യമുള്ളൂ. കാനഡായില്‍ നടന്ന ഫോക്കനാ കണ്‍വന്‍ഷന്‍ നന്നായി സംഘടിപ്പിക്കപ്പെട്ടതായിരുന്നു. ചിക്കാഗോ കണ്‍വന്‍ഷന്‍ എങ്ങനെ ആയിരുന്നോ അതുപോലെ അത് നിലനിര്‍ത്തുവാന്‍ ഫൊക്കാന നേതാക്കള്‍ക്ക് സാധിച്ചു. അതുപോലെ തന്നെ കണ്‍വന്‍ഷന്‍ ന്യൂ ജേഴ്‌സിയില്‍ നടത്തുക എന്നതാണ് ആഗ്രഹം, അതിനു എല്ലാ ആളുകളുടെയും സഹായ സഹകരണമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഫൊക്കാനയ്ക് ന്യൂ ജേഴ്‌സിയില്‍ ഒരു ആസ്ഥാനവും ഉണ്ടാകണം എന്ന് ആഗ്രഹം ഉണ്ട്.

ചോദ്യം : ഫൊക്കാനയുടെ റീജിയനുകള്‍ മുന്പുള്ളതുപോലെ ശക്തമല്ല എന്ന് തോന്നിയിട്ടുണ്ടോ.

ഉത്തരം : ഫൊക്കാനയുടെ റീജിയനുകള്‍ എല്ലാം ശക്തമാണ്. ഫൊക്കാനയ്ക്കു ഒന്‍പതു റീജിയനുകളാണ് ഉള്ളത് വാഷിഗ്ടണ്‍, ഫ്‌ലോറിഡാ, കാലിഫോര്‍ണിയ, ഡിട്രോയിട്, ഹ്യൂസ്‌റ് റണ്‍, കാനഡ, ബോസ്റ്റണ്‍, ന്യൂ യോര്‍ക്ക്, ന്യൂജേഴ്‌സി ­ ഫിലാഡല്‍ഫിയ. എല്ലാ റീജിയനുകളുമായും നിരന്തരമായി ബന്ധം പുലര്‍ത്തി പ്രവര്‍ത്തിക്കുവാനാണ് എന്റെ തീരുമാനം. എല്ലാ റീജിയനിലെയും പ്രവര്‍ത്തകരുമായി ചുരുങ്ങിയ സമയം കൊണ്ട് നല്ല ബന്ധം സ്ഥാപിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നു.

ചോദ്യം : ഫൊക്കാനയ്ക്കു ഒരു ഡയറക്റ്ററി ഉണ്ടാക്കും എന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ, എന്താണ് അങ്ങനെ ഒരു തീരുമാനം എടുക്കുവാന്‍ കാരണം.

ഉത്തരം : അമേരിക്കന്‍ മലയാളികളുടെ ഒരു ഡാറ്റ ബാങ്ക് ഉണ്ടാക്കാനാണ് എന്റെ ശ്രമം. ഫൊക്കാനയുടെ റീജിയനുകള്‍ മുഖേന ഉള്ള ഡാറ്റാ കളക്ഷന്‍ ആണ് അതിന്റെ ആദ്യ ഭാഗം. രണ്ടാമത് മറ്റു സംഘടനകളെയും ഡാറ്റ ബാങ്കുമായി ചേര്‍ക്കുന്നു എന്നതാണ് രണ്ടാം ഭാഗം. സാമൂഹ്യ, മത, സാംസ്കാരിക സംഘടനകളുടെയും മെമ്പര്മാരുടെയും പൂര്‍ണ്ണ വിവരങ്ങള്‍ അതിലുണ്ടാകും. കൂട്ടായ ചര്‍ച്ചയിലൂടെ നടത്തേണ്ട ഒരു പ്രോജക്ടാണ് അത്.

ചോദ്യം :പഴയ തലമുറ മാത്രമാണ് ഫൊക്കാനയുടെ തലപ്പത്തുള്ളത് എന്ന് പലരും അഭിപ്രായപ്പെടാറുണ്ട്.പുതിയ ആളുകള്‍ വരണ്ടേ ?

ഉത്തരം : തീര്‍ച്ചയായും വരണം, പഴയ തലമുറയും വേണ്ടേ. പുതിയ തലമുറ എല്ലാ സംഘടനയിലും ഉണ്ട്, പക്ഷെ ആ പുതു തലമുറ നാട്ടില്‍ നിന്നു ഒരു 15 കൊല്ലത്തിനുള്ളില്‍ വന്നവരാണ്. ഇവിടുത്തെ മൂന്നാം തലമുറ ആക്ടീവായി നില്‍ക്കേണ്ടത് അമേരിക്കന്‍ രാഷ്ട്രീയ രംഗത്താണ്. അതിനു ഒരു ബാലപാഠമായി ഫൊക്കാന മാറണം അതിനു നമുക്ക് പലതും ചെയ്യാനുണ്ട്.

സംഘടയില്‍ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധതയുള്ള ആളുകള്‍ ആണ് ഫൊക്കാനയ്ക്കു ആവശ്യം, അമേരിക്കന്‍ ജോലി തിരക്കിനിടയില്‍ സംഘടനാ പ്രവര്‍ത്തനം സേവനം അല്ലെ. പുതിയ തലമുറ സേവന സന്നദ്ധത ഉള്ളവരാണ്. അവരെ മുഖ്യധാരയില്‍ കൊണ്ടുവരാകുവാന്‍ ശ്രമിക്കണം. കൂടാതെ പുതിയ തലമുറയെ നാടുമായി ബന്ധിപ്പിക്കുന്നതിന് അവരെ കൂടി വിപുലമായ തരത്തില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള കേരളാ കണ്‍വന്‍ഷന്‍ നടത്തണമെന്ന് ആഗ്രഹം ഉണ്ട്. കേരളത്തിലെ സര്‍വകലാശാലകളുടെ സഹകരണത്തോടെ സെമിനാറുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ മനസ്സില്‍ ഉണ്ട്. ഇവയൊക്കെ ഫൊക്കാനയുടെ എല്ലാ പ്രവര്‍ത്തകരുമായി ആലോചിച്ച ശേഷമേ നടപ്പിലാക്കുകയുള്ളു.

ചോദ്യം : ഒരുകാലത്തു ഫൊക്കാന അറിയപ്പെട്ടിരുന്നത് സംഘടനയുടെ ചാരിറ്റി പ്രോഗൃാമിലൂടെയാണ്. കേരളത്തിലെ അശരണരായ ആളുകള്‍ക്ക് അത് വലിയ ആശ്വാസവുമായിരുന്നു. ഇപ്പോള്‍ മറ്റുപല സംഘടനകളും അത് ഭംഗിയായി നടപ്പിലാക്കുന്നു. താങ്കള്‍ ഈ രംഗത്തു എന്തെങ്കിലും പദ്ധതികള്‍ മനസ്സില്‍ ഉണ്ടോ.

ഉത്തരം : ഫൊക്കാനയുടെ ചാരിറ്റി പ്രോജക്ടുകള്‍ എല്ലാം കേരളത്തിലെ പ്രയാസം അനുഭവിക്കുന്ന ആളുകള്‍ക്ക് ഗുണം ചെയ്തിട്ടുള്ളവയാണ്, അത് എക്കാലവും ഗുണം മാത്രമേ ചെയ്തിട്ടുള്ളു. ഒരു നല്ല ചാരിറ്റി പ്രോജക്ട് മനസില്‍ ഉണ്ട്. ഒരു ചാരിറ്റിക്ക് പണം മുടക്കിയാല്‍ അതു പൂര്‍ത്തിയാകുന്നതുവരെ നാം അതിന്റെ പിന്നില്‍ ഉണ്ടാകണം. എങ്കിലേ അതു വിജയിക്കുകയുള്ളു.

ചോദ്യം :ഫൊക്കാനയെ സംബന്ധിച്ച് വിവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ പറയുന്ന ഒരു കാര്യം ചില വ്യക്തികളുടെ കൈകളിലേക്ക് ഫൊക്കാന പൊയ്‌ക്കൊണ്ടിരുന്നു എന്നാണ്, അത് സത്യമാണോ?

ഉത്തരം: എനിക്കു അങ്ങനെ തോന്നിയിട്ടില്ല .സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ. അല്ലാത്തവര്‍ അങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. തിന്നുകയുമി ല്ല തീറ്റിക്കുകയുമില്ല, ഇങ്ങനെ ഉള്ള ആളുകള്‍ സംഘടനയില്‍ എക്കാലവും ഉണ്ട്. ഫൊക്കാനയുടെ വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് ഇക്കൂട്ടരെ തിരിച്ചറിയാന്‍ സാധിക്കും. അമേരിക്കയില്‍ സംഘടനാ പ്രവര്‍ത്തനം ധനനഷടം മാത്രമല്ല മാനഹാനിയും ചിലപ്പോള്‍ ഉണ്ടാകും, അല്ലെങ്കില്‍ ഉണ്ടാക്കും. അതിനെയൊക്കെ അതിജീവിച്ചാണ് ഫൊക്കാനയെ നയിച്ചവര്‍ ഇവിടെവരെ എത്തിച്ചത്.

ചോദ്യം : ഒരു സമവായ ശ്രമത്തിനു ഇനിയും സാധ്യത ഉണ്ടോ ?

ഉത്തരം : കാനഡാ കണ്‍വന്‍ഷനില്‍ ഇലക്ഷന്‍ വിവാദം ആക്കിയപ്പോള്‍ ഞാന്‍ മാറി നില്‍ക്കാം എന്ന് പറഞ്ഞതാണ്, അത് ഇപ്പോളും ആവര്‍ത്തിക്കുന്നു. ഒരു ഗ്രുപ്പിനെ പൂര്‍ണ്ണമായും ഇല്ലാതാക്കി സമവായം എന്ന് പറയാന്‍ പറ്റുമോ. ഞാന്‍ എന്ത് സമവായത്തിനും തയാറാണ് പക്ഷെ അത് ന്യായമായിരിക്കണം. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു ഒരു വ്യക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണോ സമവായം? മാധവന്‍ നായര്‍ എന്ന വ്യക്തിക്ക് പ്രവര്‍ത്തിക്കുവാന്‍ ഇഷ്ടം പോലെ സംഘടനകള്‍ ഉണ്ട്. പക്ഷെ ഫൊക്കാന അങ്ങനെ അല്ല അതൊരു സംഘടനകളുടെ സംഘടനയാണ് അത് പലരും മറന്നു. ഞാന്‍ ഇപ്പോളും പറയുന്നു സമവായത്തിന് ഞാന്‍ തയാറാണ്, അത് നല്ല രീതിയില്‍ ആണെങ്കില്‍. എന്നെ എല്ലാവരും നിര്‍ബന്ധിച്ചാണ് രംഗത്തിറക്കിയതു, തള്ളാനാണെങ്കിലും, കൊള്ളാനാണെങ്കിലും ഫൊക്കാനയ്ക്കാണ് ആ ഉത്തരവാദിത്വം. വിവാദങ്ങളിലൂടെ ജയിച്ചാല്‍ തന്നെ കൂട്ടയ്മായില്ലെങ്കില്‍ ആര്‍ക്കും നന്നായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കില്ല. അത് ഫൊക്കാനയെ തളര്‍ത്തുകയെ ഉള്ളു അത് കൊണ്ടാണ് ഞാന്‍ പറഞ്ഞത് വിവാദങ്ങള്‍ക്കു ഞാന്‍ ഇല്ല എന്ന്.

തന്റെ നിലപാട് വളരെ വ്യക്തമായി പറയുകയാണ് മാധവന്‍ നായര്‍. നിരവധി സംഘടനകളുടെ നേതൃത്വ രംഗത്തു പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ സേവനം ഫൊക്കാനയ്ക്കു ആവശ്യമെങ്കില്‍ ഉപയോഗിക്കാം വെറുതെ അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കി മാനേജുമെന്റ് രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരാളെ ഇല്ലായ്മ ചെയ്യുന്നത് ശരിയല്ല എന്ന്ചിന്തിക്കുന്നവരും ഫൊക്കാനയില്‍ ഉണ്ടെന്നാണ് മാധവന്‍ നായരുടെ വിശ്വാസം.