ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയത്: ഡൊണാള്‍ഡ് ട്രംപ്

08:13 am 27/6/2017

വാഷിങ്ടന്‍: ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയതാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കയറ്റുമതിക്ക് ഇന്ത്യയിലുള്ള പ്രധാന തടസ്സങ്ങള്‍ നീക്കണമെന്നും ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം നല്‍കി. മോദിയെ സ്വാഗതം ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം പ്രഥമ വനിത മെലനിയ ട്രംപും എത്തിയിരുന്നു. തുടര്‍ന്നായിരുന്നു ട്രംപ്–മോദി ചര്‍ച്ച. ഇതിനുശേഷം ഉഭയകക്ഷി പ്രതിനിധി സംഘങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയിലും ഇരുവരും പങ്കെടുത്തു.

അമേരിക്കയുടെ തന്റെ സന്ദര്‍ശനം ഇന്ത്യ–യുഎസ് ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ട്രംപുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നു. ഇന്തോ – പസഫിക് മേഖലയില്‍ സമാധാനവും, സ്ഥിരതയും, സുരക്ഷയും ഉറപ്പാക്കുകയാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യമെന്നും മേദി പറഞ്ഞു.

വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനു മുന്‍പേ യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനും മോദിയുമായി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. ഭീകരവിരുദ്ധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളാണു ചര്‍ച്ച ചെയ്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് ഉദ്യോഗസ്ഥരും മോദിക്കൊപ്പമുണ്ടായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍, ഇന്ത്യയുടെ യുഎസ് അംബാസഡര്‍ നവ്‌തേജ് സര്‍ന എന്നിവരാണു ഇന്ത്യാസംഘത്തിലുള്ളത്.

ഇന്ത്യ–യുഎസ് സംയുക്ത പ്രസ്താവനയ്ക്കുശേഷം വൈറ്റ് ഹൗസിലെ ചരിത്രപ്രസിദ്ധമായ ബ്ലൂ റൂമിലാണു മോദിക്ക് വിരുന്ന് ഒരുക്കിയത്. ഇതാദ്യമായാണു ഒരു വിദേശനേതാവിനു ട്രംപ് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കിയത്.