ഇന്ത്യയെ പരിഹസിച്ച് ചൈനീസ് മാധ്യമങ്ങള്‍

08:49am 19/04/2016
india-us1
ബെയ്ജിങ്: ഇന്ത്യ എല്ലാവരാലും മോഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന സുന്ദരിയെപ്പോലെയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍. യു.എസുമായി ലോജിസ്റ്റിക് കരാര്‍ ഒപ്പുവെക്കാനുള്ള ഇന്ത്യന്‍ തീരുമാനം തടസ്സപ്പെട്ടത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അവിശ്വാസം കാരണമെന്നും ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്‌ളോബല്‍ ടൈംസ് ഒരു ലേഖനത്തില്‍ വ്യക്തമാക്കി.
അതിശക്തിരാജ്യങ്ങള്‍ക്കിടയില്‍ ഒരേപോലെ സ്വാധീനം ചെലുത്താനുള്ള ഇന്ത്യന്‍ ശ്രമമാണ് യു.എസുമായുള്ള സഖ്യത്തിന് വിലങ്ങുതടിയായത്. പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ബെയ്ജിങ് സന്ദര്‍ശനം തുടങ്ങിയ സാഹചര്യത്തിലാണ് ലേഖനം. എല്ലാവരാലും മോഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന സുന്ദരിയെപ്പോലെ ഇന്ത്യ പെരുമാറുന്നു. യു.എസിനെയും ചൈനയെയുമാണ് ഇന്ത്യ നോട്ടമിടുന്നത്. ഇത് ഇന്ത്യക്ക് അപരിചിതമായ വേഷമല്ല. ശീതയുദ്ധകാലത്ത് ഇന്ത്യയുടെ നയതന്ത്രപ്രവര്‍ത്തനം രണ്ടുപോരാട്ടശക്തികള്‍ക്കിടയില്‍ അതിന് സവിശേഷ ഇടം നല്‍കിയതെങ്ങനെയെന്നത് അതിന് ഉദാഹരണമാണെന്നും ലേഖനം പറയുന്നു