ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം വീണാ ജോര്‍ജിനു സമര്‍പ്പിച്ചു

11:37 AM 21/11/2016

ഡോ.ജോര്‍ജ് എം. കാക്കനാട്ട്‌
Newsimg1_40606163
ഹൂസ്റ്റണ്‍: ദശാബ്ദം പിന്നിട്ട ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം ഹൂസ്റ്റണിലെ ഇന്ത്യാ ഹൗസില്‍ നവംബര്‍ 19-ാം തിയതി വൈകിട്ടു ചേര്‍ന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് പ്രമുഖ ടെലിവിഷന്‍ ജര്‍ണലിസ്റ്റും നിയമസഭയിലെ ആറ•ുളയുടെ പ്രതിനിധിയുമായ വീണാ ജോര്‍ജിന് ഇന്ത്യയുടെ വൈസ് കൗന്‍സല്‍ ആര്‍.ഡി.ജോഷിയുടെ സാന്നിധ്യത്തില്‍ എം.ബി.രാജേഷ് എം.പി സമര്‍പ്പിച്ചു. എം.ബി.രാജേഷ് എം.പി.ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
അധ്യാപനത്തില്‍ നിന്നും പത്രപ്രവര്‍ത്തനത്തിലെത്തി അവിടെനിന്നും ജനപ്രതിനിധിയുടെ റോള്‍ ഏറ്റെടുത്ത അപൂര്‍വ നേട്ടത്തിനുടമയാണ് വീണാ ജോര്‍ജ്. അര്‍പ്പണ ബോധമുളള മാധ്യമപ്രവര്‍ത്തകയായ വീണാ ജോര്‍ജിന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ ജനപക്ഷത്തു നിന്ന് പോരാടിയ ഒരു മാധ്യമ പ്രവര്‍ത്തക ജനപ്രതിധിനിസഭയിലെത്തിയിരിക്കുകയാണ്. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ മാധ്യമശ്രീ പുരസ്‌കാരത്തിന് അര്‍ഹയായ ആദ്യ വനിതയെന്ന ബഹുമതിയും വീണാ ജോര്‍ജിന് സ്വന്തം. ഒരുകാലത്ത് സ്ത്രീകള്‍ കടന്നുവരാന്‍ മടിച്ച മേഖലയില്‍ സമീപകാലത്തെത്തി എണ്ണം പറഞ്ഞ നേട്ടങ്ങള്‍ കീഴടക്കിയ വനിതയെന്ന നിലയിലാണ് വീണയുടെ മാധ്യമശ്രീ പുരസ്‌കാരലബ്ദി. വിനോദ പരിപാടികളുടെ അവതാരകരെന്ന നിലയില്‍ മാത്രം സ്ത്രീകളെ വിലയിരുത്തിയിരുന്ന പ്രേക്ഷകരിലേയ്ക്ക് തീക്ഷ്ണമായ രാഷ്ട്രീയ സാമുഹിക സാംസ്‌കാരിക വിഷയങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് കടന്നുവന്ന വീണ, ഈ മേഖലയിലെ പുരുഷാധിപത്യത്തെ തകര്‍ത്തെറിഞ്ഞ ടെലിവിഷന്‍ സാന്നിദ്ധ്യമാണെന്ന് വീണാ ജോര്‍ജിനെ സദസ്സിനു പരിചയപ്പെടുത്തികൊണ്ട് ഇന്ത്യ പ്രസ്‌ക്ലബ്ബ് ട്രഷറര്‍ ജോസ് കടാപ്പുറം പറഞ്ഞു.
ഇടതുപക്ഷ പ്രസ്ഥാനത്തിന്റേയും കര്‍ഷകപോരാട്ടത്തിന്റേയും ഈറ്റില്ലമായ പാലക്കാട് ലോക്‌സഭാമണ്ഡലത്തില്‍ രണ്ടാം വട്ടവും വിജയക്കൊടി പാറിച്ച എം.ബി.രാജേഷ് പാര്‍ലമെന്റിലെ മികച്ച പ്രകടനംകൊണ്ട് മണ്ഡലത്തിലും സംസ്ഥാനത്തും മാത്രമല്ല ദേശീയതലത്തില്‍തന്നെ ശ്രദ്ധേയമായ പാര്‍ലമെന്ററി സാന്നിദ്ധ്യമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പാര്‍ലമെന്റ് പ്രവര്‍ത്തനത്തിനിടയില്‍ മികച്ച എംപിക്കുള്ള കാല്‍ ഡസനിലധികം പുരസ്‌കാരങ്ങള്‍ എം.ബി.രാജേഷിനെ തേടിയെത്തി. ‘ദ വീക്ക്’ എന്ന ഇംഗ്ലീഷ് വാരിക 2010-11 ല്‍ മികച്ച യുവ എംപിയായി തെരഞ്ഞെടുത്തു. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ കേരളത്തിലെ മികച്ച എംപിയായി 2011ല്‍ തെരഞ്ഞെടുത്തു. റിപ്പോര്‍ട്ടര്‍ ചാനല്‍ 2013 ലെ മികച്ച എംപിയായി രാജേഷിനെയാണ് അവാര്‍ഡിന് പരിഗണിച്ചത്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാഗസിന്‍ ജനപ്രിയ എംപിയായി ഈ വര്‍ഷം തെരഞ്ഞെടുത്തതും രാജേഷിനെ. സാമൂഹിക സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പാര്‍ലമെന്റിലെ അഗ്രഗണ്യനായ രാജേഷ് കിടയറ്റ ഗ്രന്ഥകര്‍ത്താവും മികവുറ്റ വാഗ്മിയുമാണെന്ന് മുഖ്യാതിഥിയെ സദസിനു പരിചയപ്പെടുത്തിയ ഇന്ത്യപ്രസ് ക്ലബ് ജോയിന്റ് ട്രഷറര്‍ സുനില്‍ തൈമറ്റം പറഞ്ഞു.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ശിവന്‍ മുഹമ്മയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എം.ബി.രാജേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ശിവന്‍ മുഹമ്മ, കെന്‍ മാത്യൂ, ഏബ്രഹാം ഈപ്പന്‍, ജി.കെ.പിള്ള, രാജു പളളത്ത്, മാത്യൂ വര്‍ഗീസ്, പോള്‍ കറുകപ്പള്ളി, കൃഷ്ണ കിഷോര്‍, അനിയന്‍ ജോര്‍ജ്, വിനോദ് കോണ്ടൂര്‍, പി.പി.ചെറിയാന്‍, സുനില്‍ ട്രൈസ്റ്റാര്‍, ജീമോന്‍ ജോര്‍ജ്, മനു തുരുത്തിക്കാടന്‍, ജെയിംസ് വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഇതുവരെ ലഭിച്ച അംഗീകാരങ്ങളെ എല്ലാം പിന്നിലാക്കുന്നതാണ് ഇന്ത്യ പ്രസ് ക്ലബിന്റെ ‘മാധ്യമശ്രീ’പുരസ്‌കാരമെന്നും ഇതിന് അര്‍ഹയായതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത് ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലുമുള്ള തന്റെ ഉത്തരവാദിത്തം ഇരട്ടിപ്പിക്കുന്നു എന്നും വീണാ ജോര്‍ജ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യ പ്രസ്സ് ക്ലബിന്റെ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര മാധ്യമശ്രീ പുരസ്‌കാരത്തിന്റെ ചരിത്രം വിവരിച്ചു.
ഇന്ത്യ പ്രസ്സ് ക്ലബിന്റെ സുവനീര്‍ ജോയിസ് തോന്ന്യാമലയ്ക്കും കോശി തോമസിനും നല്‍കി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു.
അതിഥികളെയും വിശിഷ്ടവ്യക്തികളെയും ഇന്ത്യാ പ്രസ്സ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രസിഡന്റ് അനില്‍ ആറ•ുള സദസിനു പരിചയപ്പെടുത്തി. ഇന്ത്യ പ്രസ്സ് ക്ലബിന്റെ സെക്രട്ടറി ഡോ.ജോര്‍ജ് കാക്കനാട്ട് സ്വാഗതവും ഹുസ്റ്റണ്‍ ചാപ്റ്ററിന്റെ സെക്രട്ടറി ജോയ് തുമ്പമണ്‍ നന്ദിയും പ്രകാശിപ്പിച്ചു.
ഡോ.ഫ്രീമു വര്‍ഗീസ് ആയിരുന്നു പരിപാടികളുടെ മുഖ്യ സ്‌പോണ്‍സര്‍.
യോഗാനന്തരം കലാമണ്ഡലം ശ്രീദേവിയുടെയും സംഘത്തിന്റേയും നൃത്തനൃത്യങ്ങളുമുണ്ടായിരുന്നു .