ഇന്ത്യ പ്രസ് ക്ലബ്ബ് മാധ്യമശ്രീ അവാര്‍ഡ് സമ്മേളനത്തിന് പ്രമുഖരുടെ പിന്തുണ

09:35 am 2/11/2016
Newsimg1_12367503
ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പരമോന്നത പുരസ്കാരമായ ‘മാധ്യമ ശ്രീ” അവാര്‍ഡ് ദാന സമ്മേളനം മലയാളികളെ സംബന്ധിച്ചിടത്തോളം അസുലഭമായ മാധ്യമ വിരുന്നാവുകയാണ്. നവംബര്‍ 19ന് ഇന്ത്യാ ഹൗസില്‍ നടക്കുന്ന പ്രൗഢോജ്വലമായ സമ്മേളനം വര്‍ണാഭമാക്കുന്നതിനു വേണ്ടി അമേരിക്കന്‍ മലയാളി സമൂഹത്തിലെ സമസ്ത മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ സ്‌പോണ്‍സര്‍മാരാവുന്നു. ഡോ. ഫ്രീമു വര്‍ഗീസ്, ജോര്‍ജ് എബ്രഹാം, ജി.കെ. പിള്ള, ഡോ. മനു ചാക്കോ, മാധവന്‍ പിള്ള, സണ്ണി മാളിയേക്കല്‍, ഡോ. സഖറിയ തോമസ് എന്നിവരാണ് മുഖ്യ സ്‌പോണ്‍സര്‍മാരായി തങ്ങളുടെ അകൈതവമായ പിന്തുണ നല്‍കിയിരിക്കുന്നത്. ഇവര്‍ക്കു പുറമേ നിരവധി വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും അവാര്‍ഡ് ദാന ചടങ്ങ് വിജയിപ്പിക്കുന്നതിനായി തങ്ങളുടേതായ പങ്കാളിത്തം വഹിക്കുന്നു.

ഡോ. ഫ്രീമു വര്‍ഗീസ്

പ്രമുഖ നെഫ്രോളജിസ്റ്റും, അമേരിക്കന്‍ മലയാളി സമൂഹത്തിലെ തിളക്കമാര്‍ന്ന വ്യക്തിത്വവുമായ ഡോ. ഫ്രീമു വര്‍ഗീസാണ് ഗ്രാന്റ് സ്‌പോണ്‍സര്‍. കലാ, സാംസ്കാരിക രംഗങ്ങളില്‍ അതുല്യമായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം അമേരിക്കയില്‍ മികച്ച സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്ന ‘ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സി’ന്റെ പ്രസിഡന്റ് കൂടിയാണ്. സിനിമ നിര്‍മാണത്തിനു പുറമെ അമേരിക്കയിലും കാനഡയിലും നടന്നിട്ടുള്ള ശ്രദ്ധേയമായ സ്റ്റേജ് ഷോകളുടെ പിന്നിലും ഫ്രീഡിയയുടെ സജീവ സാന്നിധ്യം ഉണ്ട്. ഹൂസ്റ്റണ്‍ ഡയഗണോസ്റ്റിക് ക്ലിനിക്കിന്റെ സാരഥിയായ ഡോ. ഫ്രീമു തികഞ്ഞ കലാസ്‌നേഹിയും മാധ്യമങ്ങളുമായി ഈടുറ്റ ബന്ധം കാത്തുസൂക്ഷിക്കുന്ന സഹൃദയനുമാണ്. ഫ്രീഡിയയുടെ ആദ്യ സിനിമയായ ‘ഹലോ നമസ്‌തേ”വന്‍ വിജയമായിരുന്നു. രണ്ട് സിനിമകളില്‍ അഭിനയിച്ചു കൊണ്ട് ആ രംഗത്തും അദ്ദേഹം തിളങ്ങി.

ജോര്‍ജ് എബ്രഹാം

ജീവകാരുണ്യ പ്രവര്‍ത്തനം ജീവിത നിയോഗമാക്കിയ ഇദ്ദേഹം അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയങ്കരനും നിസ്വാര്‍ത്ഥ സേവകനുമാണ്. രാജു എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജോര്‍ജ് എബ്രഹാം അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ‘എബ്രഹാം ആന്റ് കമ്പനി’യുടെ സാരഥിയാണ്. കേരളത്തിലും അമേരിക്കയിലും രാഷ്ട്രീയ, സാമൂഹിക രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പൊതു പ്രവര്‍ത്തകനാണ്. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ നിര്‍ദ്ധനരും നിരാലംബരുമായ രോഗികള്‍ക്ക് കര്‍മഭൂമിയില്‍ നിന്നും കണ്ടെയ്‌നറുകള്‍ വഴി മരുന്നും മറ്റ് ഉപകരണങ്ങളും എത്തിച്ച് വിവിധ ആശുപത്രികളിലൂടെ വിതരണം ചെയ്ത് സമാശ്വാസത്തിന്റെ പ്രതീകമായി മാറിയ വ്യക്തിത്വമാണ് ജോര്‍ജ് എബ്രഹാം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നിരന്തരം ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഉമ്മന്‍ ചാണ്ടിയുടെ ഉറ്റ സുഹൃത്തുമാണ്.

ജി.കെ. പിള്ള സി.പി.എ

അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരനായ ജി.കെ. പിള്ള മലയാളി സമൂഹത്തില്‍ ചിരപ്രതിഷ്ഠ നേതിയ മുതിര്‍ന്ന വ്യക്തിത്വമാണ്. കറയറ്റ പ്രവര്‍ത്തനം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവര്‍ക്കും പ്രിയങ്കരനും മലയാളികള്‍ക്ക് സുപരിചിതനും പരോപകാരിയുമാണ് സീനിയര്‍ അക്കൗണ്ടന്റായ ജി.കെ പിള്ള. ഒട്ടേറെ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ നേതൃപദവികള്‍ക്ക് അലങ്കാരമായ ജി.കെ. പിള്ള ഫൊക്കാനയുടെയും എന്‍.എസ്.എസിന്റെയും അമരക്കാരനായി ശ്രദ്ധേയമായ ഭരണപാടവം തെളിയിച്ച അപൂര്‍വം നേതാക്കളിലൊരാളാണ്. ഉജ്ജ്വല നേട്ടങ്ങള്‍ കൊയ്ത ബിസിനസുകാരന്‍ കൂടിയാണിദ്ദേഹം. കര്‍മ ഭൂമിയിലെ മലയാളികള്‍ക്ക് മാതൃകയാക്കാനുള്ള സേവനപാതയാണ് ജി.കെ പിള്ള വെട്ടിത്തുറന്നിട്ടുള്ളത്.

ഡോ. മനു ചാക്കോ

യുവത്വം തുളുമ്പുന്ന ഡോക്ടര്‍ മാത്രമല്ല ഇദ്ദേഹം. കലാ, സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യവും സെലിബ്രിറ്റിയും കൂടിയാണ്. മലയാളികളുടെ സഹജീവിസ്‌നേഹം അന്വര്‍ത്ഥമാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അശരണരുടെയും ആലംബഹീനരുടെയും സ്പന്ദനങ്ങള്‍ തന്റെ സ്റ്റെത്തുകൊണ്ടുമാത്രമല്ല മനസുകൊണ്ടും തൊട്ടറിയുന്ന വക്തിയാണ് ഡോ. മനു ചാക്കോ. അടുത്തറിയും തോറും നാമേറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം. സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവരെ നിരുത്സാഹപ്പെടുത്താത്ത ഡോ. മനു ചാക്കോ ജീവകാരുണ്യ പ്രവര്‍ത്തനം തന്റെ കടമയായി കാണുന്നു. ഏവരുമായി നിഷ്ക്കളങ്കമായ സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഇദ്ദേഹം അമേരിക്കന്‍ മലയാളികളുടെ കലാ, സാംസ്കാരിക പരിപാടികളില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി അഭിനന്ദനങ്ങള്‍ക്ക് പാത്രീഭൂതനായിട്ടുണ്ട്.

മാധവന്‍ പിള്ള സി.പി.എ

കര്‍മഭൂമിയിലെ ആദ്യകാല കുടിയേറ്റക്കാരനായ മാധവന്‍ പിള്ള ഈടുറ്റ സാമൂഹിക പ്രവര്‍ത്തന പാരമ്പര്യത്തിന്റെ ഉടമയാണ്. ബിസിനസ് രംഗത്തെ കരുത്തനായ ഇദ്ദേഹം ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുകയും ചെയ്യുന്നു. പൊതു രംഗത്തെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമാണ് അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ മാധവന്‍ പിള്ള. സമൂഹത്തിലെ ഏവരുടെയും ആദരവിനും അഭിനന്ദനങ്ങള്‍ക്കും അര്‍ഹനായ ഇദ്ദേഹം മലയാളികളുടെ വിവിധങ്ങളായ മുന്നേറ്റങ്ങള്‍ക്ക് സ്‌നേഹോഷ്മളമായ പിന്തുണയേകുകയും ഉപദേശ നിര്‍ദേശങ്ങള്‍ യഥേഷ്ടം നല്‍കുകയും ചെയ്യുന്നു.

സണ്ണി മാളിയേക്കല്‍

ബിസിനസ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സണ്ണിമാളിയേക്കല്‍ മലയാളി സമൂഹത്തിന് സുപരിചിതനാണ്. ബിസിനസില്‍ മാത്രമല്ല പൊതുപ്രവര്‍ത്തന മേഖലയിലും മാധ്യമശ്രേണിയിലും സണ്ണി മാളിയേക്കല്‍ തിളങ്ങുന്നു. ഏഷ്യാനെറ്റ് ചാനലിന്റെ റീജിയണല്‍ ഡയറക്ടര്‍ പദവും അലങ്കരിക്കുന്നു. ഏതു കാര്യത്തിനും ധൈര്യപൂര്‍വം സമീപിക്കാവുന്ന ഉപകാരിയാണ് സണ്ണി മാളിയേക്കല്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഡാളസ് ചാപ്റ്ററിന്റെ മുന്‍ പ്രസിഡന്റായിരുന്ന സണ്ണി മാളിയേക്കല്‍ എന്നും മാധ്യമ ധര്‍മത്തിന്റെ പതാകാ വാഹകനാണ്. ഡാളസിലെ പ്രശസ്തമായ ഇന്ത്യാ ഗാര്‍ഡന്‍സ് എന്ന റെസ്റ്റോറന്റിന്റെ സാരഥ്യം വഹിക്കുന്നു.

ഡോ. സഖറിയ തോമസ്

സിനിമാരംഗത്തെ വേറിട്ട മുഖവും കലാ, സാംസ്കാരിക വേദികളിലെ നിറസാന്നിധ്യവുമാണ് ഇദ്ദേഹം. യു.ജി.എം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളികള്‍ക്കായി നിരവധി സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ച് ആസ്വാദകരുടെ കൈയടി നേടിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള സ്റ്റേജ് ഷോകള്‍ മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. അനസ്‌ത്യേഷ്യസ്റ്റായ ഡോ. സഖറിയ തോമസ് ‘അമര്‍ അക്ബര്‍ ആന്റണി”എന്ന തന്റെ ആദ്യത്തെ ചിത്രത്തിന്റെ നിര്‍മാതാവ് എന്ന നിലയില്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ മനം കവര്‍ന്നു. മലയാളികള്‍ കാത്തിരിക്കുന്ന ഇഷ്ട ചിത്രങ്ങളുടെ പണിപ്പുരയിലുമാണ്.

മാധ്യമ ശ്രീ’ അവാര്‍ഡ് ദാന ചടങ്ങ് ചരിത്രമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മലയാളികളുടെ മാധ്യമ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വിളംബരമാകുന്ന ചടങ്ങില്‍ അമേരിക്കന്‍ മലയാളികളുടെ സ്‌നേഹ സാന്നിധ്യം ഉണ്ടാവണമെന്ന് സംഘാടകര്‍ ഹൃദയപൂര്‍വം താത്പര്യപ്പെടുന്നു.