ജിഷ വധക്കേസ്: വിചാരണ ഇന്ന് മുതല്‍

09:33 AM 02/11/2016
image
കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസിന്‍െറ വിചാരണ ബുധനാഴ്ച തുടങ്ങും. കേസിലെ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയവര്‍ അടക്കം 195 പേരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ വിസ്തരിക്കുന്നത്. ആദ്യ രണ്ട് സാക്ഷികളെയാണ് ബുധനാഴ്ച ജഡ്ജി എന്‍. അനില്‍കുമാര്‍ മുമ്പാകെ വിസ്തരിക്കുക.

അവധിദിനങ്ങള്‍ ഒഴിവാക്കി 2017 ജനുവരി 23 വരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ സാക്ഷികളെ വിസ്തരിച്ച് വിചാരണ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 125 രേഖകളും 75 തൊണ്ടിമുതലുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അറസ്റ്റിലായ 2016 ജൂണ്‍ 16 മുതല്‍ അമീറുല്‍ ഇസ്ലാം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേരളം ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന കേസെന്ന നിലയില്‍ നേരത്തേ വിചാരണ തീരുമാനിച്ച പല കേസുകളും മാറ്റിവെച്ചാണ് ജിഷ വധക്കേസില്‍ കോടതി വേഗത്തില്‍ വിചാരണ തുടങ്ങുന്നത്. ഏപ്രില്‍ 28ന് വൈകുന്നേരം 5.30നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് പ്രധാന കുറ്റം. അതിക്രമിച്ച് കടക്കല്‍, വീടിനുള്ളില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലക്കുശേഷം തെളിവ് നശിപ്പിക്കല്‍, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. മുഴുവന്‍ കുറ്റവും നിഷേധിച്ച അമീര്‍ താനല്ല കുറ്റം ചെയ്തതെന്നും അനാറുല്‍ ഇസ്ലാം എന്നയാളാണെന്നും ആരോപിച്ചിരുന്നു. പ്രതിക്കും ചില സാക്ഷികള്‍ക്കും മലയാളമോ ഇംഗ്ളീഷോ അറിയാത്തതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയാവും വിചാരണ.