ഇന്നുമുതല്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല

11:08 am 29/11/2016
download (3)
ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ബാങ്കുകളിൽ പണം പിൻവലിക്കാനുള്ള നിയന്ത്രണങ്ങൾക്ക്​ റിസർവ്​ ബാങ്ക്​ ഭാഗികമായി ഇളവ്​ നൽകി. ഇന്ന് മുതൽ ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണം പിൻവലിക്കാൻ നിയന്ത്രണമുണ്ടാവില്ല.

ബാങ്കുകളിൽ നിന്ന്​ സ്ലിപ്പുകളിലുടെയാണ്​ തുക പിൻവലിക്കാൻ സാധിക്കുക. തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുകയെന്നും റിസർവ്​ ബാങ്ക്​ അറിയിച്ചു. എന്നാൽ നേരിട്ട് ബാങ്കുകളിലെത്തി പണം പിൻവലിക്കുന്നതിന് മാത്രമാണ് റിസർവ് ബാങ്ക് ഇളവുകൾ നൽകിയിരിക്കുന്നത്. എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കുന്നതിന്​ ഇളവ് ബാധകമല്ല. ബാങ്കിൽ നേരിട്ട്​ നിക്ഷേപിക്കുന്ന പണത്തിനാണ്​ പുതിയ ഇളവ്​ ബാധകമാവുക. ബാങ്ക്​ അക്കൗണ്ടിൽ എത്തുന്ന ശമ്പളം ഉൾ​പ്പടെയുള്ളവ​യുടെ കാര്യങ്ങളിൽ റിസർവ്​ ബാങ്ക്​ നയം വ്യക്​തമാക്കിയിട്ടില്ല.

നവംബർ 29 മുതലുള്ള നിക്ഷേപങ്ങൾക്ക്​ പ്രതിവാര പിൻവലിക്കൽ പരിധിയായ 24,000 രൂപ ബാധകമാവില്ല. എന്നാൽ നവംബർ 28 വരെയുള്ള നി​ക്ഷേപങ്ങൾക്ക്​ നിയന്ത്രണങ്ങൾ തുടരും. ഈ നിക്ഷേപങ്ങളിൽ നിന്നും ദിവസത്തിൽ 2500 രൂപയായിരിക്കും പിൻവലിക്കാൻ കഴിയുക.

പിന്‍വലിക്കുന്നതിന് നിയന്ത്രണമുള്ളതിനാല്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ ഉപഭോക്താക്കള്‍ മടിക്കുന്നു എന്നതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ റിസര്‍വ്വ് ബാങ്കിനെ പ്രേരിപ്പിച്ചത്. നിലവിലെ നിയന്ത്രണങ്ങള്‍ സമ്പദ്‌വ്യവസ്ഥയിലെ കറന്‍സിയുടെ ഓഴുക്കിനെ തടസപ്പെടുത്തുന്നതാണെന്നാണ് റിസര്‍വ്വ് ബാങ്ക് പറയുന്നത്. ഇതൊഴിവാക്കാനാണ് പുതിയ ഇളവ് എന്നും റിസര്‍വ്വ് ബാങ്കിന്റെ പുതിയ അറിയിപ്പില്‍ പറയുന്നു.