ബ്രൊവാര്‍ഡ് കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് ബോര്‍ഡിലേയ്ക്ക് ജോയി കുറ്റിയാനിയെ തെരഞ്ഞെടുത്തു

11:06 am 29/11/2016

ജോയിച്ചന്‍ പുതുക്കുളം
joykuttiyani_pic
ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളി സംഘാടക രംഗത്ത് തിളക്കമാര്‍ന്ന സംഭാവനകള്‍ നല്കിയ ജോയി കുറ്റിയാനിയെ തേടി മറ്റൊരു അംഗീകാരം കൂടി.

ബ്രോവാര്‍ഡ് കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് ബോര്‍ഡിലേക്ക് നവംബര്‍ 15-ാം തീയതിയാണ് കൗണ്ടി മേയര്‍ മാര്‍ട്ടിന്‍ കെര്‍ കുറ്റിയാനിയെ നിയമിച്ചത്. ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഇദംപ്രഥമമായി കൗണ്ടി അഡൈ്വസറി ബോര്‍ഡിലേക്ക് നടത്തിയ ഈ നിയമനം ഇന്ത്യന്‍ സമൂഹത്തിന് നല്കിയ ഒരു അംഗീകാരം കൂടിയാണ്.

രണ്ടു മില്യനടുത്ത് ജനസംഖ്യയുള്ള ബ്രോവാര്‍ഡ് കൗണ്ടിയിലെ ജനങ്ങളുടെ പൗരാവകാശവും, നീതിയും സംതുലനമാക്കുന്നതിനും; ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ, വംശീയ വിവേചനങ്ങള്‍ തടയുന്നതിനും, ചൂഷണ വിധേയരായ പൗരന്റെ നിയമാവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനുമായി ഭരണഘടനാ പ്രകാരം സ്ഥാപിതമാണ് ഹ്യൂമന്‍ റൈറ്റ്‌സ് ബോര്‍ഡ്. ഒരു ഉപദേശക സമിതി എന്നതിലുപരി അര്‍ദ്ധ ജുഡീഷ്യല്‍ അധികാരം കൂടി ഈ ബോര്‍ഡില്‍ നിക്ഷ്പിതമാണ്. അതിനാല്‍ വിവേചനം സംബന്ധിച്ചുള്ള ഏതു തരത്തിലുള്ള പരാതികള്‍ സ്വീകരിക്കുന്നതിനും, തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനും ഈ ബോര്‍ഡിനധികാരമുണ്ട്.

ബ്രോവാര്‍ഡ് കൗണ്ടി കമ്മീഷണര്‍മാര്‍ നിയമിക്കുന്ന ഈ ബോര്‍ഡില്‍ പതിനെട്ട് അംഗങ്ങളാണുള്ളത്. ഈ കമ്മിറ്റിയില്‍ സമൂഹത്തിലെ വിവിധ തൊഴില്‍ മേഖലയില്‍ നിന്നുള്ള അംഗങ്ങള്‍ ഉണ്ടായിരിക്കും. ഫ്‌ളോറിഡ ബാറില്‍ നിന്നുള്ള ഒരു അറ്റോര്‍ണിയും; ബിസിനസ് കമ്മ്യൂണിറ്റി, റിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രി, ചെറുകിട വ്യവസായ ഉടമകള്‍, ബാങ്കിംഗ് ഇന്‍ഡസ്ട്രി എന്നീ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍, മുനിസിപ്പല്‍ ഗവണ്‍മെന്റ് പ്രതിനിധി, തൊഴിലാളി ഓര്‍ഗ്ഗനൈസേഷന്‍ പ്രതിനിധി, നോണ്‍ പ്രോഫിറ്റ് സിവില്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധി, 60 വയസ്സിനുമുകളിലുള്ള സീനിയര്‍ സിറ്റിസണ്‍സിന്റെ പ്രതിനിധി എന്നിവര്‍ മിനിമം ഈ ബോര്‍ഡില്‍ ഉണ്ടാകണം. റിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രിയുടെ പ്രതിനിധിയായിട്ടാണ് കുറ്റിയാനിയെ കൗണ്ടി മേയര്‍ ഈ ബോര്‍ഡിലേക്ക് നിയമിച്ചിരിക്കുന്നത്.

ഫ്‌ളോറിഡ സെന്റ് തോമസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തിലും, അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റിലും മാസ്റ്റര്‍ ബിരുദധാരിയായ ജോയി ബ്രോവാര്‍ഡ് കൗണ്ടി ക്ലര്‍ക്ക് ഓഫ് സര്‍ക്യൂട്ട് ആന്റ് കൗണ്ടി കോര്‍ട്ടിന്റെ ഹ്യൂമന്‍ റിസോര്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ട്രെയിനിംഗ് കോഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്നു.

2012ല്‍ കേരളസമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റിയെ ഒരുമിച്ചു ചേര്‍ത്ത് ഡേവി നഗരസഭയുടെ ഫാല്‍ക്കണ്‍ ലീയാ പാര്‍ക്കില്‍ അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധിസ്‌ക്വയര്‍ നിര്‍മ്മിക്കുന്നതിനു കുറ്റിയാനി നേതൃത്വം നല്‍കി. ആദരണീയനായ ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ അബ്ദുള്‍ കലാം ആണ് പ്രസ്തുത പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. മഹത്തായ പദ്ധതിക്ക് ഇദ്ദേഹത്തിന്റെ സേവനം പ്രശംസനീയമായിരുന്നു. കേരള സമാജത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ കടമക്കുടി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് എഴുപത്തഞ്ച് കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്കിയ ബൃഹദ് പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്ററുമായിരുന്നു ജോയി . അതിനു പുറമെ നിരവധി സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികള്‍ക്കും നേതൃത്വം കൊടുത്തിട്ടുണ്ട്.

അഞ്ചാമത് ഫോമ കണ്‍വന്‍ഷന്റെ (മയാമി) നാഷണല്‍ കോഓര്‍ഡിനേറ്റര്‍, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ്, നാഷണല്‍ വൈസ് പ്രസിഡന്റ്, ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ ജോയിന്റ് ട്രഷറര്‍, ജീവകാരൂണ്യ സംഘടനയായ അമല (അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലവ് ആന്‍ഡ് ആക്‌സപ്റ്റന്‍സ്) യുടെ സ്ഥാപക പ്രസിഡന്റ,് ഡേവി നഗരസഭയുടെ പാര്‍ക്ക് ആന്റ് റിക്രിയേഷന്‍ അഡൈ്വസറി ബോര്‍ഡ് മെംബര്‍ തുടങ്ങി നിരവധി തുറകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫ്‌ളോറിഡായിലെ പ്രശസ്തമായ കെയ്‌സര്‍ യൂണിവേഴ്‌സിറ്റിയുടെ അക്കാഡമിക് അഡൈ്വസ്‌മെന്റ് കൗണ്‍സില്‍ മെംബറായി സേവനം അനുഷ്ഠിക്കുന്നു.

ഫ്‌ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പിലും കൗണ്ടി, സ്‌കൂള്‍ ബോര്‍ഡ്, വിവിധ നഗര സഭാ സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ പ്രചരണത്തിനും സൗത്ത് ഫ്‌ളോറിഡയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ സജീവമാക്കുന്നതിന് നേതൃത്വം കൊടുത്തു വരുന്നു.

ടൗണ്‍ ഓഫ് ഡേവിയില്‍ ഭാര്യ അലീഷ കുറ്റിയാനി, മകള്‍ തങ്കം എന്നിവര്‍ക്കൊപ്പം താമസിക്കുന്ന ജോയി പാല ഭരണങ്ങാനം സ്വദേശിയാണ്.