ഫീനിക്‌സ് ഹോളിഫാമിലിക്ക് പത്തു വയസ്സ്; വാര്‍ഷികാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി

11:02 am 29/11/2016

ജോയിച്ചന്‍ പുതുക്കുളം
phonixhollfamily_pic1
ഫീനിക്‌സ്: ഫീനിക്‌സ് ഹോളഫാമിലി സീറോ മലബാര്‍ ഇടവക പത്തുവയസ്സ് പിന്നിടുമ്പോള്‍, അരിസോണയിലെ ഏറ്റവും ശക്തമായ ക്രൈസ്തവ സമൂഹമായി വളര്‍ന്നുകഴിഞ്ഞു. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് ഫാ. മാത്യു പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഫീനിക്‌സ് സീറോ മലബാര്‍ മിഷന്‍ സ്വന്തമായ ദൈവാലയം ലഭിച്ചതോടെ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ ഇടവകയായി ഉയര്‍ത്തപ്പെടുകയാണുണ്ടായത്.

ഫാ. മാത്യു മുഞ്ഞനാട്ടിന്റെ നേതൃത്വത്തില്‍ പുതിയ ദേവാലയവും പാരീഷ് ഹാളും സണ്‍ഡേ സ്‌കൂളും പണി പൂര്‍ത്തിയാതോടുകൂടി ഇടവകയുടെ ആത്മീയ വളര്‍ച്ചയും ഭൗതീക പുരോഗതിയും ധ്രുതഗതിയിലായി. ഐക്യവും കൂട്ടായ്മയും നിലനിര്‍ത്തിക്കൊണ്ടുള്ള വിശ്വാസി സമൂഹത്തിന്റെ മുന്നേറ്റം അഭിനന്ദനാര്‍ഹവും മറ്റു ക്രൈസ്തവ സമൂഹങ്ങള്‍ക്ക് മാതൃകാപരവുമാണെന്ന് ഇടവക കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കവെ വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ പറഞ്ഞു. ഇടവക സമൂഹത്തിലെ പുതിയ തലമുറയും ആത്മീയ രംഗത്ത് മാത്രമല്ല, കലാ-സാംസ്‌കാരിക രംഗത്തും അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാ. ജോര്‍ജ് പറഞ്ഞു.

പത്താം വാര്‍ഷികാഘോഷങ്ങളും, കരുണാവര്‍ഷത്തിന്റെ സമാപനവും ഏകോപിപ്പിച്ചുകൊണ്ടുള്ള മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷപരിപാടികളാണ് ഈവര്‍ഷം ഇടവക സംഘടിപ്പിച്ചത്. വിവിധ വാര്‍ഡുകള്‍ ഒരുക്കിയ വിശ്വാസറാലി, നിശ്ചല ദൃശ്യാവിഷ്‌കാരങ്ങള്‍ എന്നിവ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. പരിപാടികളോടനുബന്ധിച്ചുള്ള വിവിധ തിരുകര്‍മ്മങ്ങള്‍ക്ക് ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് കാര്‍മികത്വം വഹിച്ചു. വിജയകരമായ പത്തുവര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ നന്ദിസൂചകമായി അര്‍പ്പിച്ച കൃതജ്ഞതാബലിയില്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികനായി. വികാരി ഫാ. ജോര്‍ജിനോടൊപ്പം മറ്റു നിരവധി വൈദീകരും സഹകാര്‍മികരായി. അത്മായരും പുരോഹിതരും സന്യസ്തരും ഒരുമിച്ചുകൂടി വളരുമ്പോഴാണ് ക്രൈസ്തവ വിശ്വാസം ചൈതന്യവത്താകുന്നത്. വിശ്വാസം ഒരുമിച്ച് ജീവിക്കുന്ന ഇടവക സമൂഹത്തിന്റെ മേല്‍സ്ഥായിയായ ആത്മീയ- ഭൗതീക ന•കള്‍ വര്‍ഷിച്ച് ദൈവം അനുഗ്രഹിക്കുമെന്നും ബിഷപ്പ് ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ സൂചിപ്പിച്ചു.

പള്ളി ട്രസ്റ്റിമാരായ മനോജ് ജോണ്‍, ജെയ്‌സണ്‍ വര്‍ഗീസ്, പ്രസാദ് ഫിലിപ്പ് എന്നിവരാണ് പരിപാടികളുടെ ഏകോപനം നിര്‍വഹിച്ചത്. വിവിധ കലാ-സാംസ്‌കാരിക ആഘോഷങ്ങളുടെ ഭാഗമായി വി. മദര്‍ തെരേസയുടെ ജീവിതം ഇതിവൃത്തമാക്കി പ്രകാശ് മുണ്ടയ്ക്കല്‍ എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ച നാടകവും ഒരു അവിസ്മരണീയമായ അനുഭവമായി മാറി. മാത്യു ജോസ് അറിയിച്ചതാണിത്.