ഇന്ന തൃശൂര്‍ പൂരം

08:28am 17/4/2016
images
തൃശൂര്‍: പൂരം പൊടിപൂരമാവും. ഇനിയുള്ള ഏതാനും മണിക്കൂര്‍ നഗരത്തിന് പൂരമല്ലാതെ മറ്റൊന്നില്ല. ഞായറാഴ്ച പുലരുമ്പോള്‍ കണിമംഗലം ശാസ്താവും പിന്നാലെ മറ്റു ദേവതകളും വടക്കുന്നാഥ സന്നിധിയിലത്തെും. തിരുവമ്പാടിയുടെ പൂരം മേളത്തോടെ തുടങ്ങി മഠത്തിലിറക്കി പഞ്ചവാദ്യം കൊട്ടും. പാറമേക്കാവിന്റെ പൂരം പുറപ്പെട്ട് ഇലഞ്ഞിച്ചുവട്ടിലത്തെി പാണ്ടിയുടെ സംഗീതമൊഴുക്കും. തെക്കേഗോപുരം കടന്ന് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ മുഖാമുഖം നിന്ന് വര്‍ണക്കുടകള്‍ ഉയര്‍ത്തും. പുലര്‍ച്ചെ വെടിക്കെട്ടും തിങ്കളാഴ്ച ഉച്ചയാവുമ്പോള്‍ ഉപചാരവും.

വേനലിന്റെ മൂര്‍ധന്യത്തില്‍ പെയ്യാന്‍ ത്രസിച്ചുനില്‍ക്കുന്ന മഴമേഘങ്ങളാണ് തൃശൂര്‍ പൂരത്തിനുമേല്‍ ആശങ്കയുടെ കരിമ്പടക്കെട്ടുകള്‍ വിരിക്കാറുള്ളത്. എന്നാല്‍, ഇത്തവണ മഴയെ വെല്ലുന്ന ഭീഷണി അതിജീവിച്ചാണ് പൂരം വരുന്നത്. കൃത്യം ഒരാഴ്ച മുമ്പ് കൊല്ലം പരവൂരില്‍ 108 പേരുടെ ജീവനെടുത്ത വെടിക്കെട്ട് ദുരന്തത്തില്‍ തുടങ്ങിയതാണ് തൃശൂര്‍ പൂരത്തെക്കുറിച്ചുള്ള വേവലാതികള്‍. ആശങ്കയുടെ നെരിപ്പോടില്‍ എണ്ണ പകരുന്ന ഉത്തരവുകള്‍ ഓരോന്നായി ഇറങ്ങി. രാത്രി വെടിക്കെട്ടിന് നിരോധം, പകല്‍ ആന എഴുന്നള്ളത്തിന് വിലക്ക്. അങ്ങനെയെങ്കില്‍ പൂരം വെറും ചടങ്ങാക്കാമെന്ന സംഘാടകരുടെ തീരുമാനത്തിനു മുന്നില്‍ നിയമങ്ങളും നീതിപീഠം വരെയും സൗമ്യരൂപമായി. തടസ്സങ്ങളെല്ലാം നീങ്ങി പൂരം ഉയിര്‍ത്തെഴുന്നേറ്റു.

മേളകുലപതികള്‍ പെരുവനം കുട്ടന്‍മാരാരും ചോറ്റാനിക്കര വിജയന്‍ മാരാരും പാറമേക്കാവിന്റെ പക്ഷത്ത്. തിരുവമ്പാടിക്ക് കിഴക്കൂട്ട് അനിയന്‍ മാരാരും അന്നമനട പരമേശ്വര മാരാരും. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റാന്‍ ശിവസുന്ദറും പാറമേക്കാവിന് ലക്ഷണമൊത്ത ശ്രീപത്മനാഭനും. വെടിക്കെട്ടുകാര്‍ക്കും മാറ്റമില്ല. പാറമേക്കാവിന് ചാലക്കുടിക്കാരന്‍ സെബിന്‍ സ്റ്റീഫന്‍, തിരുവമ്പാടിക്ക് മുണ്ടത്തിക്കോട് സതീശന്‍.

ശനിയാഴ്ച രാവിലെ കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറി വടക്കുന്നാഥന്റെ തെക്കേഗോപുരം തുറന്നപ്പോള്‍ ഈ വര്‍ഷത്തെ പൂരക്കാഴ്ചകളിലേക്കുള്ള വാതില്‍ കൂടിയാണ് തുറന്നത്. കടുത്ത ചൂടിനെ വെല്ലുന്ന പൂരാവേശവുമായി നാട്ടുകാര്‍ തെക്കേഗോപുരച്ചരുവില്‍ വാതില്‍ തുറക്കുന്നതും കാത്തുനിന്നു. ഇനി തിങ്കളാഴ്ച ഉച്ചക്ക് പൂരം പിരിയുന്നതു വരെ ഓരോ കാഴ്ചകളും ക്ഷമയോടെ കണ്ടുതീര്‍ക്കാന്‍ ജനം ഒഴുകിയത്തെും, മഹാപൂരത്തിന്റെ ഈ നഗരത്തിലേക്ക്.