ഐ.പി.എല്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തോല്‍വി

11.49 PM 17-04-2016
dicock_1704
ഡല്‍ഹിയുടെയും ക്വിന്റന്‍ ഡികോക്ക് എന്ന ദക്ഷിണാഫ്രിക്കക്കാരന്റെയും പോരാട്ടവീര്യത്തിനു മുന്നില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗളൂരിനു കാലിടറി. 192 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്വിന്റണ്‍ ഡികോക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ അഞ്ചു പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഡികോക്ക് 51 പന്തില്‍നിന്നു 108 റണ്‍സ് നേടി. 48 പന്തില്‍നിന്നായിരുന്നു ഡികോക്കിന്റെ സെഞ്ചുറി.
അര്‍ധസെഞ്ചുറിയുമായി പുറത്താകാതെനിന്ന കരുണ്‍ നായര്‍ (42 പന്തില്‍ 54) വിജയത്തില്‍ ഡികോക്കിനു ശക്തമായ പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 134 റണ്‍സാണ് വിരാട് കോഹ്്‌ലിയുടെ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ശരശയ്യയൊരുക്കിയത്. മലയാളി താരം സഞ്ജു സാംസ (9) ണും ഓപ്പണര്‍ ശ്രേയസ് അയ്യര്‍ക്കും (0) തിളങ്ങാനായില്ല.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് അക്കൗണ്ട തുറക്കുംമുമ്പ് ക്രിസ് ഗെയിലിനെ നഷ്ടമായെങ്കിലും കഴിഞ്ഞ മത്സരത്തിലെ ഹിറോകളായ വിരാട് കോഹ്്‌ലിയും ഡിവില്ല്യേഴ്‌സും ചേര്‍ന്ന് ഡല്‍ഹി ബൗളിംഗിനെ തകര്‍ത്തു. ഡിവില്ല്യേഴ്‌സ് 33 പന്തില്‍നിന്ന് 55 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 107 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഡിവില്ല്യേഴ്‌സ് പുറത്തായശേഷമെത്തിയ ഷെയ്ന്‍ വാട്‌സണും തകര്‍ത്തടിച്ചതോടെ ബാംഗളൂര്‍ സ്‌കോര്‍ കുതിച്ചു. വാട്‌സണ്‍ 19 പന്തില്‍നിന്നു 33 റണ്‍സ് നേടി. തുടച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ വിരാട് കോഹ്്‌ലി (48 പന്തില്‍ 79) അഞ്ചാമനായാണ് പുറത്തായത്. അവസാന ഓവറുകളില്‍ ഡല്‍ഹി ബൗളര്‍മാര്‍ നടത്തിയ മികച്ച പ്രകടനമാണ് 200 കടക്കുന്നതില്‍നിന്നു ബാംഗളൂരിനെ തടഞ്ഞത്.