ഇരട്ടി വിലകൊടുത്ത് സ്വര്‍ണ്ണം വാങ്ങിയും പകുതി വിലയ്ക്ക് നോട്ടുകള്‍ വിറ്റും കള്ളപ്പണക്കാരുടെ പുതിയ തന്ത്രങ്ങള്‍

02.50 PM 11/11/2016
money_rupee4_760x400
രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ കെട്ടുകണക്കിന് നോട്ടുകള്‍ നികുതകിയടയ്ക്കാതെ കൈവശം വെച്ചിരുന്നവര്‍ എങ്ങനെയും പണം വെളുപ്പിക്കാനുള്ള നീക്കം തുടങ്ങി. പുതിയ നീക്കത്തിലെ പഴുതുകള്‍ കണ്ടെത്തി എല്ലാ വഴികളും അടച്ച് കള്ളപ്പണക്കാരെ പൂട്ടാനുള്ള ശക്തമായ നടപടികള്‍ ആദായ നികുതി വകുപ്പും തുടങ്ങിയിട്ടുണ്ട്.
ജ്വല്ലറികളാണ് കള്ളപ്പണക്കാരുടെ ഇപ്പോഴത്തെ പ്രധാന ആശ്രയമെന്നാണ് ആദായ നികുതി വകുപ്പിന് കിട്ടിയ വിവരം. നിയമപ്രകാരം രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ ഇരട്ടിയിലധികം രൂപയ്ക്ക് സ്വര്‍ണ്ണം വിറ്റ് കള്ളപ്പണക്കാരെ സഹായിക്കാന്‍ മുംബൈയിലടക്കം ചില ജ്വല്ലറികള്‍ ശ്രമം നടത്തുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. നോട്ടുകള്‍ പിന്‍വലിക്കുന്നതിന് മുമ്പുള്ള തീയ്യതികളിട്ട് ബില്‍ ചെയ്താണ് ജ്വല്ലറികള്‍ ഇത്തരത്തില്‍ സ്വര്‍ണ്ണം വിറ്റതത്രെ. അനധികൃതമായ ഇടപാടുകള്‍ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയര്‍മാന്‍ സതീഷ് ചന്ദ്ര പറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്നലെ വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ സര്‍വ്വെ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യ ദിനത്തില്‍ എവിടെയും റെയ്ഡ് നടത്തിയിട്ടില്ലെന്ന് കേന്ദ്ര റവന്യൂ വകുപ്പ് സെക്രട്ടറി ഹഷ്മുഖ് ആദിയ അറിയിച്ചു. നോട്ടുകള്‍ പിന്‍വലിച്ച് കള്ളപ്പണം തടയാനുള്ള നീക്കത്തിലെ പഴുതുകള്‍ എന്തൊക്കെയാണെന്നും ഏതൊക്കെ വഴികളിലൂടെയാണ് കള്ളപ്പണക്കാര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതെന്നും കണ്ടെത്തുകയാണ് ഇപ്പോഴത്തെ സര്‍വ്വേകളുടെ ലക്ഷ്യം.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പലയിടങ്ങളിലും സര്‍വ്വേകള്‍ നടത്തിയെന്നും പലരും 1000 രൂപ നോട്ടുകള്‍ 400 മുതല്‍ 500 വരെ വാങ്ങി സാധാരണക്കാര്‍ക്ക് വില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും നികുതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം ഇരട്ടി വില വാങ്ങി ചില ജ്വല്ലറികള്‍ കള്ളപ്പണക്കാര്‍ക്ക് സ്വര്‍ണ്ണം വില്‍ക്കുന്നുമുണ്ട്. പാന്‍ കാര്‍ഡ് വാങ്ങാതെയാണ് ഈ വില്‍പ്പനകളെല്ലാം. വ്യാഴാഴ്ച മുതല്‍ ബാങ്കുകളില്‍ വലിയ തുക നിക്ഷേപിച്ച വ്യാപാര സ്ഥാപനങ്ങളുടെയെല്ലാം വിറ്റുവരവ് അടക്കമുള്ള കണക്കുകള്‍ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ വരും ദിവസങ്ങളില്‍ പരിശോധിക്കും. കറന്‍സി നിരോധനം പ്രാബല്യത്തില്‍ വന്ന ശേഷം വില്‍പനയില്‍ വന്‍ വര്‍ദ്ധനവ് അവകാശപ്പെടുന്ന സ്ഥാപനങ്ങളെയെല്ലാം നിരീക്ഷിച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും തടയാന്‍ വരും ദിവസങ്ങളില്‍ വിവിധ വകുപ്പുകള്‍ പരിശോധനയും ശക്തമാക്കും.