ഇറാന്‍ ആയുധക്കടത്ത് തടയാന്‍ ജി.സി.സി യു.എസ് സംയുക്ത പട്രോളിങ്

07:05pm 21/04/2016
download
റിയാദ്: യമനിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ സായുധസമരം നടത്തുന്ന ഹൂതി വിമതര്‍ക്ക് ഇറാന്‍ ആയുധം നല്‍കുന്നത് തടയാന്‍ ജി.സി.സി രാഷ്ട്രങ്ങളും അമേരിക്കയും തമ്മില്‍ ധാരണ. ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രതിരോധ മന്ത്രിമാരും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും ഇന്നലെ റിയാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായത്.
ഇറാനിയന്‍ ആയുധശേഖരം യമനിലത്തെുന്നത് തടയാന്‍ അറബിക്കടലിലും ചെങ്കടലിലും യു.എസുമായി സംയുക്ത നാവിക പട്രോളിങിന് തീരുമാനമായതായി യോഗശേഷം കാര്‍ട്ടറുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് അല്‍ സയാനി പറഞ്ഞു. ഇതിനായി ഈ മേഖലയില്‍ സംയുക്ത നാവിക സേനയെ വിന്യസിക്കും. ഒപ്പം ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധവും ശക്തിപ്പെടുത്തും. സഖ്യരാഷ്ട്രങ്ങള്‍ക്ക് പ്രത്യേക വിദഗ്ധ സൈനിക യൂണിറ്റുകള്‍ രൂപവത്കരിക്കുന്നതിനും സഹായം നല്‍കും.
മേഖലയില്‍ ഇറാന്‍ തുടരുന്ന പ്രകോപനപരമായ നീക്കങ്ങള്‍ക്കെതിരെ കര്‍ക്കശ നടപടി ഉറപ്പുനല്‍കിയ കാര്‍ട്ടര്‍, ഭീകരസംഘമായ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടം കൂടുതല്‍ സജീവമാക്കാന്‍ ജി.സി.സിയോട് അഭ്യര്‍ഥിച്ചു.
ഇറാനുമായുള്ള ആണവ കരാര്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ സുരക്ഷയെ ഒരു രീതിയിലും ബാധിക്കില്‌ളെന്നും അദ്ദേഹം ഉറപ്പുനല്‍കി. ആഭ്യന്തര പ്രതിസന്ധികളില്‍ കുഴങ്ങുന്ന ഇറാഖില്‍ രാഷ്ട്രീയ സ്ഥിരതക്കായി സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങള്‍ക്കും കാര്‍ട്ടര്‍ പിന്തുണ പ്രഖ്യാപിച്ചു. ഭീകരവാദ സംഘടനകളെ തൂത്തെറിയാന്‍ കാര്യക്ഷമവും ഫലപ്രദവുമായ നടപടികള്‍ സംയുക്തമായി തുടരേണ്ടതിന്റെ ആവശ്യകയും ചൂണ്ടിക്കാട്ടി.
ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനകള്‍ക്ക് ഉദാഹരണമായാണ് ഹിസ്ബുല്ലയെ കാണുന്നതെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. ഇന്ന് നടക്കാനിരിക്കുന്ന ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രതിരോധമന്ത്രിമാര്‍ യോഗം ചേര്‍ന്നത്.