ഇറോം ശര്‍മിള ഇന്ന് നിരാഹാരം അവസാനിപ്പിക്കും

09:43 AM 09/08/2016
download (1)
ഇംഫാല്‍: സൈനികര്‍ക്ക് സവിശേഷാധികാരം നല്‍കുന്ന ‘അഫ്സ്പ’ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരിന്‍െറ ‘ഉരുക്കുവനിത’ ഇറോം ചാനു ശര്‍മിള 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം ചൊവ്വാഴ്ച അവസാനിപ്പിക്കും.

ആശുപത്രി ജയിലില്‍ കഴിയുന്ന അവരെ രാവിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. അവിടെവെച്ചാകും നിരാഹാരം അവസാനിപ്പിക്കുകയെന്ന് ഇറോമിന്‍െറ സഹോദരന്‍ ഇറോം സിങ് ഹാജിത്ത് പറഞ്ഞു. തുടര്‍ന്ന് അവര്‍ ജയില്‍മോചിതയാകും. രണ്ടാഴ്ച മുമ്പാണ് 44കാരിയായ ഇറോം നിരാഹാരം അവസാനിപ്പിക്കുകയാണെന്നും ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും പ്രഖ്യാപിച്ചത്.

അതേസമയം, നിരാഹാരം അവസാനിപ്പിച്ചു കഴിഞ്ഞതിനുശേഷമുള്ള സമരമുറയെക്കുറിച്ച് ഇറോമിന്‍െറ അനുയായികള്‍ക്ക് ആശങ്കയുണ്ട്. ജയിലില്‍നിന്നിറങ്ങിയ ശേഷം ഇറോമുമായി സംസാരിക്കുമെന്ന് അവരെ പിന്തുണക്കുന്ന വനിതാ ആക്ടിവിസ്റ്റുകളുടെ സംഘടനയായ ‘ശാര്‍മിള കുന്‍ബ ലൂപ്’ പ്രവര്‍ത്തര്‍ പറഞ്ഞു.