ഇവരെ സഹായിക്കുവാന്‍ ഇവിടെ ആരുമില്ലേ?

07:55 am 8/4/2017

(ജോജോ തോമസ്, ന്യൂയോര്‍ക്ക്)

കാല്‍വരിയില്‍ സ്വയം യാഗമായി തീര്‍ന്ന യേശുദേവന്റെ പീഡാനുഭവം നോമ്പു നോക്കുന്ന ഈ വേളയില്‍ ഈ ലോകജീവിതത്തിന്റെ ഭാഗ്യവും, നിര്‍ഭാഗ്യവും നിറഞ്ഞ ഹൃദയനൊമ്പര നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍, ഈ കാലയളവില്‍ ലോകമെമ്പാടും നിഷ്ക്കളങ്കരായ എത്രയോ മനുഷ്യജന്മങ്ങള്‍, പിഞ്ചു പൈതലുകള്‍ അനുദിനം ക്രൂരമായി മരണപ്പെടുന്നു.
ചൂടുവാര്‍ത്തയായി ഇപ്പോള്‍ ലോകജന മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച നിഷ്ക്രൂര ആക്രമണം 70 ല്‍ പരം സിറിയന്‍ ജനതയെ രാസവസ്തുക്കളാല്‍ ആക്രമിച്ച് കൊന്നൊടുക്കിയത് ഈ കുറിപ്പ് എഴുതുവാന്‍ എനിക്ക് പ്രചോദനം നല്‍കുന്നു.

സ്വന്തം ഭാര്യയും 9 മാസം പ്രായമുള്ള ഇരട്ടകുട്ടികള്‍ ഉള്‍പ്പെടെ 25 കുടുംബാംഗങ്ങള്‍ ഈ രാസവസ്തു ബോംബാക്രമണത്തില്‍ നഷ്ടപ്പെട്ട അബു ഹമീദ് യൂസഫ് എന്ന സിറിയന്‍ യുവാവ് ഹൃദയനൊമ്പരത്താല്‍ പറയുന്നു സമയം: ചൊവ്വാഴ്ച വെളുപ്പിന്…. ശ്വസിക്കാനാവാതെ ഞെട്ടിയുണര്‍ന്നു. വേച്ച് വേച്ച് കിടക്കയില്‍ നിന്ന് എഴുന്നേറ്റു. കിടക്കയ്ക്കരികില്‍ എഴുന്നേറ്റു നിന്ന് തന്റെ 9 മാസം പ്രായമുള്ള ഇരട്ടകുട്ടികളെ നോക്കി അവര്‍ക്ക് ജീവനുണ്ട്….
അവരെ രണ്ടുപേരെയും എടുത്ത് ഭാര്യയെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു.

ഇവിടെ വീട്ടില്‍ തന്നെ ഇരിക്കൂ…
വാതില്‍ തുറന്ന് യൂസഫ് പുറത്തേക്ക് പോയി….

അടുത്ത കെട്ടിടത്തിലെ മുറിയില്‍ കഴിയുന്ന മാതാപിതാക്കളെ നോക്കുവാന്‍…. വഴിവീഥിയില്‍ രാസവസ്തു ബോംബാക്രമണത്തില്‍ ആടിയുലഞ്ഞു വീഴുന്ന ആളുകളെ ഭേദിച്ച് യൂസഫ് അന്വേഷിക്കുന്നത് തന്റെ കുടുംബാംഗങ്ങളെ ആയിരുന്നു.

സിറിയയിലെ ഇഡിലാബ് പ്രൊവിന്‍സിലെ ഖാന്‍ ഷെയ്‌ഗോന്‍ എന്ന നഗരത്തിലായിരുന്നു ആകാശത്തു നിന്നും വര്‍ഷിച്ച രാസവസ്തു ബോംബാക്രമണം ശിഥിലമാക്കിയ മനുഷ്യസമൂഹം ജീവിച്ചിരുന്നത്. സിറിയന്‍ ഗവണ്‍മെന്റിനെ അനുകൂലിക്കാത്ത റെബല്‍ എന്നു വിശേഷിപ്പിക്കുന്ന ആ വലിയ സമൂഹം ഈ സമയം ഗാഢനിദ്രയിലായിരുന്നു.

യൂസഫ് ഒടുവില്‍ എത്തിച്ചേര്‍ന്നു, തന്റെ മാതാപിതാക്കള്‍ ജീവിച്ചിരുന്ന വീട്ടില്‍, പക്ഷെ കണ്ടെത്തിയത് തന്റെ രണ്ടു സഹോദരങ്ങളും, മാതാപിതാക്കളും മരിച്ചുകിടക്കുന്നു.
ഒട്ടും വൈകാതെ യൂസഫ് തിരികെ ഓടി, തന്റെ വീട്ടിലേക്ക്, ഭാര്യയെയും ഇരട്ട കുഞ്ഞുങ്ങളെയും രക്ഷിക്കുവാന്‍.

വീട്ടില്‍ വന്നു കയറിയ യൂസഫ് കണ്ടത്, വീടിനുള്ളില്‍ നിലത്തു കിടക്കുന്ന ഭാര്യയെയും കുഞ്ഞുങ്ങളെയും ആണ്. വായില്‍ നിന്നും നുരഞ്ഞു പൊന്തിയ പതയൊഴുകി നിശ്ചലമായ മൃതശരീരങ്ങള്‍.

വിങ്ങിപൊട്ടി കരഞ്ഞുകൊണ്ട് യൂസഫ് അലമുറയിട്ടു
എന്റെ കുഞ്ഞുങ്ങള്‍, എന്റെ ഭാര്യആയ കൊല ചെയ്യപ്പെട്ടു. വീര മൃത്യു വരിച്ചു. പുണ്യാത്മാക്കളായി, ഈ ലോകം വെടിഞ്ഞു. എന്റെ കുടുംബം മുഴുവന്‍ നഷ്ടമായി. യൂസഫ് വാവിട്ടു കരഞ്ഞു കൊണ്ടു പറഞ്ഞു.

യൂസഫിന്റെ ഭാര്യയും കുഞ്ഞുങ്ങളും, കുടുംബാംഗങ്ങളും ഉള്‍പ്പെടെ 70 ല്‍ പരം ജീവന്‍ കൊന്നൊടുക്കിയ ഈ രാസവസ്തു ബോംബാക്രമണം ലോക മനസ്സാക്ഷിയെ നടുക്കിയെങ്കിലും ഈ ക്രൂര ആക്രമണം ആസൂത്രിത പങ്കാളിത്തത്തോടെ നടപ്പാക്കിയ രാജ്യങ്ങളുടെയും, വ്യക്തികളുടേയും നേരെ വിരല്‍ ചൂണ്ടിയതുകൊണ്ട് ഒരു പരിഹാരവുമാകുന്നില്ലാ.

പരസ്പരം പഴിചാരുന്ന ലോകപ്രവണത ഇവിടെയും നാം കാണുന്നു.

നഷ്ടബോധത്തിന്റെ വേദനയും, അതിന്റെ അനന്തര ഫലവും എന്തെന്ന് പറഞ്ഞറിയിക്കുക ആര്‍ക്കും സാദ്ധ്യമല്ലാ. അത് അനുഭവിച്ചറിയുന്ന വ്യക്തിയുടെ വാക്കുകള്‍ ഇവിടെ പ്രസ്താവ്യമാണ്
‘എന്റെ കുഞ്ഞുങ്ങള്‍, എന്റെ ഭാര്യആയ,
എന്റെ മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍
കൊല ചെയ്യപ്പെട്ടു, വീരമൃത്യു വരിച്ചു,
പുണ്യാത്മാക്കളായി, ഈ ലോകം വെടിഞ്ഞു….’

ഇവിടെ സിറിയന്‍ യുവാവ് യൂസഫിന്റെ വേദന എന്തെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞാല്‍ നാം ഈ ലോകത്ത്, സുഖസമൃദ്ധിയില്‍, സുരക്ഷിത വലയത്തില്‍ കഴിയുമ്പോള്‍ നീതി നിഷേധിക്കപ്പെട്ട്, മനുഷ്യജന്മങ്ങള്‍ ലോകമെങ്ങും, ചുട്ടുകരിക്കപ്പെടുമ്പോള്‍ ആഹാരത്തിനും, പാര്‍പ്പിടത്തിനും ഉപരി ജീവിക്കുവാന്‍ അനുവദിക്കാതെ, അധികാര വാഴ്ചയില്‍ സ്വയം മറന്ന് തേര്‍ തെളിക്കുന്ന വരെ നിഷ്ക്കാസനം ചെയ്യുവാന്‍ ഇവിടെ ആരുമില്ലേ?

ഫോട്ടോ:

ചൊവ്വാഴ്ചത്തെ രാസ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട തന്റെ ഇരട്ട കുഞ്ഞുങ്ങളെ യുസഫ് മാറോടമര്‍ത്തി തേങ്ങി കരയുന്നു