ഇസ്രയേലിൽ ദിവസങ്ങളായി തുടരുന്ന തീക്കാറ്റ് ​അധിനിവിഷ്ട വെസ്റ്റ്​ബാങ്കിലേക്കും വ്യാപിക്കുന്നു

07:40 pm 26/11/2016
download

ജറുസലേം: ഇസ്രയേലിൽ ദിവസങ്ങളായി തുടരുന്ന തീക്കാറ്റ് ​അധിനിവിഷ്ട വെസ്റ്റ്​ബാങ്കിലേക്കും വ്യാപിക്കുന്നു. ഹൈഫയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ശനിയാഴ്ച വെസ്റ്റ്​ ബാങ്കിലെ നൂറുകണക്കിന്​ ജൂത കുടിയേറ്റക്കാർ സുരക്ഷിതസ്​ഥാനത്തേക്ക്​പലായനം ചെയ്​തു. മേഖലയിൽ ഇസ്രയേൽ, ഫലസ്തീൻ അഗ്നി ശമന സേനകൾ വിമാനങ്ങൾ വഴി തീയണക്കാനുള്ള ശ്രമം തുടരുകയാണ്​.

റാമല്ലയിൽനിന്ന്​ 45 കിലോമീറ്റർ അകലെയുള്ള ഹലാമിഷിൽനിന്ന്​ 1000 താമസക്കാർ വീട്​വിട്ട്​പോവുകയും 45 വീടുകൾ തീപിടിച്ച്​ നശിക്കുകയും ചെയ്​തിട്ടുണ്ട്​. തീയണക്കുന്നതിന്​ ഇസ്രയേലിനെ സഹായിക്കാൻ റഷ്യ, തുർക്കി, ഗ്രീസ്​, ഫ്രാൻസ്​, സ്​പെയിൻ, കാനഡ എന്നീ രാജ്യങ്ങൾ എത്തിയിട്ടുണ്ട്​.
തീയണക്കുന്നതിന്​ ലോകത്തിലെതന്നെ ഏറ്റവും മികച്ച യു.എസ്​ സൂപ്പർടാങ്ക്​ വിമാനം കൂടി ഇസ്രയേലിൽ എത്താനുണ്ട്​. അതേസമയം സംഭവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ 14 പേർക്ക്​ ഇസ്രയേൽ–ഫലസ്​തീൻ സംഘട്ടവുമായി ബന്ധമുണ്ടെന്നാണ്​ ഇസ്രയേൽ അധികൃതർ പറയുന്നന്നത്​.

ചില സ്​ഥലങ്ങളിൽ തീ നിയന്ത്രണ വിധേയമായെന്നും തീവെപ്പ്​ ഭീകരതക്ക്​ പിന്നിലുള്ളവർ കനത്ത വിലയൊടുക്കേണ്ടി വരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ​ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

അർധരാത്രിയോടെ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന ഫലസ്​തീൻ 41 അഗ്​നിശമന സേനാ ഉദ്യോഗസ്​ഥരെയും എട്ട്​ ട്രക്കുകളെയും ഹൈഫയിലേക്കയച്ചിട്ടുണ്ട്​. ഏകദേശം 200ഒാളം കുടുംബങ്ങൾ മേഖലയിൽ നിന്ന്​ ഒഴിഞ്ഞ് ​പോയിട്ടുണ്ട്​. ഹൈഫയിലെ തീ ഏകദേശം നിയന്ത്രണ വിധേയമായിട്ടുണ്ട്​.