ജയില്‍ ചാടിയ പ്രതികളെ പിടികൂടാന്‍ പൊലീസ് സഹായമഭ്യര്‍ത്ഥിക്കുന്നു

07:38 pm 26/11/2016

– പി. പി. ചെറിയാന്‍
Newsimg1_87599153
സാന്റാക്ലാര (കാലിഫോര്‍ണിയ): കാലിഫോര്‍ണിയാ ജയിലിലെ കമ്പി അഴികള്‍ അറുത്ത് അഞ്ചാം നിലയിലെ മുറിയില്‍ നിന്നും കിടക്കവിരി ഉപയോഗിച്ചു താഴേക്ക് ഊര്‍ന്നിറങ്ങി രക്ഷപ്പെട്ട രണ്ടു പ്രതികളെ പിടികൂടുന്നതിനു കലിഫോര്‍ണിയ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. ബുധനാഴ്ച രാവിലെ 11.30നാണ് നാല് പ്രതികള്‍ ജയിലില്‍ നിന്നും ചാടിയത്. രണ്ടു പേരെ പിടി കൂടിയതായി പൊലീസ് അറിയിച്ചു.

ലെനോന്‍ കാംപല്‍(26), റൊജിലിയൊ ചാവസ്(33) എന്നീ രണ്ട് പേര്‍ അപകടകാരികളാണെന്നും മാരകായുധങ്ങള്‍ ൈകവശം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. പൊലീസ് ഡോഗ്, ഹെലി കോപ്റ്ററുകള്‍ എന്നിവ ഉപയോഗിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതികളെ കുറിച്ചു വിവരം ലഭിക്കാതിരുന്നതിനാലാണ് പൊതുജന സഹായം അഭ്യര്‍ത്ഥിക്കുന്നതെന്ന് പൊലീസ് വക്താവ് അറിയിച്ചു.

പുറമെ നിന്നും രഹസ്യമായി ജയിലിനകത്തേക്ക് കടത്തിയ അറക്കവാള്‍ ഉപയോഗിച്ചാണ് ജനല്‍ കമ്പികള്‍ അറുത്തത്. പുറത്തെത്തിയ ഇവര്‍ ഒരു കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 20,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ ഉണ്ടാകാനാണ് സാധ്യത. സൂചന ലഭിക്കുന്നവര്‍ 911 വിളിച്ചു വിവരം അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.