ഉത്തരാഖണ്ഡ്‌ വീണ്ടും രാഷ്‌ട്രപതി ഭരണത്തില്‍ : ഹൈക്കോടതി ഉത്തരവിനു സ്‌റ്റേ

06:58am 23/4/2016
map-districts
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്‌ട്രപതിഭരണം റദ്ദാക്കിയ നൈനിറ്റാള്‍ ഹൈക്കോടതിയുടെ ഉത്തരവ്‌ സുപ്രീം കോടതി 27 വരെ സ്‌റ്റേ ചെയ്‌തു. രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്‌ഞാപനം അതിനു മുമ്പു പിന്‍വലിക്കില്ലെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിക്ക്‌ ഉറപ്പുനല്‍കി.
ഹൈക്കോടതി വ്യാഴാഴ്‌ച പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പകര്‍പ്പ്‌ കേസിലെ കക്ഷികള്‍ക്ക്‌ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നു ജസ്‌റ്റിസുമാരായ ദീപക്‌ മിശ്ര, ശിവകീര്‍ത്തി സിങ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ വിലയിരുത്തി. ഹൈക്കോടതി ഉത്തരവ്‌ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിനു മുമ്പ്‌ അതു നടപ്പാക്കപ്പെട്ടതിലെ അനൗചിത്യം മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. വിധിയേത്തുടര്‍ന്ന്‌ ഹര്‍ജിക്കാരനായ ഹരീഷ്‌ റാവത്ത്‌ മുഖ്യമന്ത്രിപദത്തില്‍ തിരിച്ചെത്തുകയും എതിര്‍കക്ഷിയായ കേന്ദ്രസര്‍ക്കാരിനു വിധിപ്പകര്‍പ്പുപോലും കിട്ടാതിരിക്കുകയും ചെയ്‌ത സാഹചര്യവും സുപ്രീം കോടതി പരിഗണിച്ചു. കേസ്‌ 27-നു പരിഗണിക്കുന്നതിനു മുമ്പ്‌ ഉത്തരവ്‌ കക്ഷികള്‍ക്കു ലഭ്യമാക്കാന്‍ ഉത്തരാഖണ്ഡ്‌ ഹൈക്കോടതിയോടു സുപ്രീം കോടതി നിര്‍ദേശിച്ചു. അന്നു ഭരണഘടനാ ബെഞ്ചാകും കേസ്‌ കേള്‍ക്കുക. സുപ്രീം കോടതിയുടെ ഇടക്കാല സ്‌റ്റേ വന്നതോടെ ഉത്തരാഖണ്ഡ്‌ വീണ്ടും രാഷ്‌ട്രപതിഭരണത്തിലായി. ഹൈക്കോടതി വിധിക്കു പിന്നാലെ വ്യാഴാഴ്‌ച രാത്രിയും ഇന്നലെ രാവിലെയുമായി മന്ത്രിസഭ വിളിച്ചുകൂട്ടിയ ഹരീഷ്‌ റാവത്ത്‌ ഇതോടെ വീണ്ടും മുന്‍മുഖ്യമന്ത്രിയായി.
ഹൈക്കോടതി വിധി തിരിച്ചടിയായ പശ്‌ചാത്തലത്തില്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷാ, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്‌റ്റ്‌ലി, രാജ്‌നാഥ്‌ സിങ്‌ എന്നിവര്‍ അടിയന്തരയോഗം ചേര്‍ന്നു സ്‌ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഈ യോഗത്തിന്റെ തീരുമാനപ്രകാരമാണു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. തന്റെ ഭാഗം കേള്‍ക്കാതെ അന്തിമ ഉത്തരവു പുറപ്പെടുവിക്കരുതെന്ന ഹരീഷ്‌ റാവത്തിന്റെ തടസഹര്‍ജിയും സുപ്രീം കോടതിക്കു മുന്നിലുണ്ട്‌.
ഉത്തരാഖണ്ഡ്‌ നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്മേല്‍ വോട്ടെടുപ്പ്‌ വേണമെന്ന ആവശ്യം സ്‌പീക്കര്‍ നിരാകരിച്ചതില്‍ തുടങ്ങി, വിമത കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ വിലയ്‌ക്കെടുക്കാന്‍ ഹരീഷ്‌ റാവത്ത്‌ ശ്രമിച്ചെന്നു വെളിപ്പെടുത്തുന്ന ഒളികാമറ ദൃശ്യങ്ങള്‍വരെ ഉന്നയിച്ച്‌ ദീര്‍ഘമായ വാദമാണു സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ നടത്തിയത്‌. വിമതരെ അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചത്‌ അവരുടെ വാദം കേള്‍ക്കാതെയാണെന്നും അറ്റോര്‍ണി ജനറല്ചൂണ്ടിക്കാട്ടി.