ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ അമ്പതിലധികം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി.

07:57 pm 16/10/2016
download

ന്യൂഡല്‍ഹി: 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ അമ്പതിലധികം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കേദാര്‍നാഥ്-ത്രിയുഗിനാരായണ്‍ പാതയുടെ ഇരു വശങ്ങളിലുമായാണ് ഞായറാഴ്ച മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച ശേഷം അസ്ഥികൂടങ്ങൾ സംസ്കരിക്കുമെന്ന് ഗര്‍വാള്‍ റേഞ്ച് ഐജി സഞ്‌ജൈ ഗുന്‍ജയാല്‍ അറിയിച്ചു.
2013 ലുണ്ടായ ദുരന്തത്തിൽ കാണാതയവരുടെ പട്ടിക സെപ്തംബറില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. 4,120 പേരെയാണ് കാണാതായവരുടെ പട്ടികയിലുണ്ടായിരുന്നത്. ഇതിൽ 92 പേർ വിദേശികളാണ്. രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ് പ്രളയം. പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ കേദാർനാഥിൽ എത്തിയവരിൽ വലിയൊരു വിഭാഗം ആളുകൾ പ്രളയത്തിൽ അകപ്പെട്ടിരുന്നു.
ഉത്തരാഖണ്ഡിനെ കൂടാതെ ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളെയും പ്രളയം ബാധിച്ചിരുന്നു.